ബ്രാന്‍ഡഡ് കോഫി ഉല്‍പാദനം; 90 രൂപ നിരക്കിൽ സംഭരണം; പ്രതീക്ഷ

ബ്രാന്‍ഡഡ് കോഫി ഉല്‍പാദിപ്പിക്കാന്‍ വയനാട്ടിലെ കാര്‍ഷകരില്‍ നിന്നും തൊണ്ണൂറു രൂപനിരക്കില്‍ ഉണ്ടക്കാപ്പി സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷനല്‍കുന്നതാണ്. എന്നാല്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവില്‍ കുറച്ചു കര്‍ഷകരില്‍ നിന്നുമാത്രമാണ് മാനദണ്ഡപ്രകാരം ബ്രാന്‍ഡഡ് കാപ്പി ഉല്‍പാദനത്തിനായി കാപ്പി ശേഖരിക്കുന്നത്. ‌കാലാവസ്ഥാ മാറ്റം ആഘാതമേല്‍പ്പിച്ച കാപ്പിക്കൃഷി മേഖലയ്ക്ക് അടിയന്തര ആശ്വാസമാകുന്ന തീരുമാനങ്ങളില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയാണ് വയനാട് കോഫി എന്ന കാപ്പിപ്പൊടി ബ്രാന്‍ഡ് ഉല്‍പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. 

ഈ സൊസൈറ്റി മുഖേന ബ്രാന്‍ഡഡ് കോഫി ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരില്‍ നിന്നും തൊണ്ണൂറു രൂപ നല്‍കി ഉണ്ടക്കാപ്പി സംഭരിക്കുമെന്നാണ് പ്രഖ്യാപനം. 

താരതമ്യേന മെച്ചപ്പെട്ട വിലയാണ്.  ശരാശി തൊണ്ണൂറായിരം ടണ്‍ കാപ്പി വയനാട്ടില്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ എത്ര ടണ്‍ കാപ്പി സര്‍ക്കാര്‍ പറഞ്ഞ വിലയ്ക്ക് സംഭരിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം.

ഒരു ടണ്‍ ബ്രാന്‍ഡഡ് കാപ്പിപ്പൊടി ഉല്‍പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യശേഷിയാണ് സൊസൈറ്റിക്കുള്ളത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത നിശ്ചിത കര്‍ഷകരില്‍ നിന്നും മാനദണ്ഡ പ്രകാരമുള്ള കാപ്പി മാത്രമേ നിലവില്‍ സൊസൈറ്റി സംഭരിക്കുന്നുള്ളു. എല്ലാ കര്‍ഷകര്‍ക്കും താങ്ങുവില പദ്ധതിയുടെ ഉപകാരം ലഭിക്കണമെന്നാണ് ആവശ്യം.

പ്രളയം തീര്‍ത്ത ആഘാതങ്ങള്‍ കാരണം ഇത്തവണ മുപ്പത് ശതമാനത്തോളം വിളവ് കുറഞ്ഞിരുന്നു. വെതര്‍ ഇന്‍ഷുറന്‍സ് പോലുള്ള ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ എന്നപേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലത്തിക്കുമെന്നത് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. ഇതിനായി 150 കോടി രൂപ ചിലവഴിച്ച് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്ക് വാഗ്ദാനം ഇതുവരെ നടപ്പിലായില്ല.