12 കേന്ദ്രങ്ങൾ, 1200 പേർ; വാക്സീൻ സ്വീകരിക്കാൻ ഒരുങ്ങി എറണാകുളം

സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീനേഷന്‍ നല്‍കുന്നതിനായി എറണാകുളം ജില്ല പൂര്‍ണ സജ്ജം. 12 കേന്ദ്രങ്ങളിലായി ആയിരത്തി ഇരുന്നൂറ് പേര്‍ക്കാണ് നാളെ കോവിഡ് വാക്സീന്‍ നല്‍കുന്നത്. ഉദ്ഘാടനത്തിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി വെബ് കാസ്റ്റിങ്ങിലൂടെ സംവദിക്കും. 

മഹാമാരിയെ തുരുത്തുന്നതിനായുള്ള മഹാ വാക്സീനേഷന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി. വാക്സീനേഷന്‍ കേന്ദ്രങ്ങളാകുന്ന പതിനൊന്ന് ആശുപത്രികളിലും മോക്് ഡ്രില്ലടക്കം നടത്തിയാണ് വീഴ്ചകളില്ലാത്ത തയാറെടുപ്പ് പൂര്‍ത്തിയാക്കിയതും. ഉച്ചക്ക് 12 മണിക്ക് മുന്‍പ് തന്നെ വാക്സീന്ഡ വയലുകള്‍ അടങ്ങിയ ബോക്സുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജണല്‍ വാക്സീന്‍ സെന്ററില്‍ നിന്ന് വാക്സീനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ദേശീയതലത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വാക്സീന്‍ നല്‍കി തുടങ്ങും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോടാണ് പ്രധാനമന്ത്രി സംവദിക്കുന്നതും.

ജില്ലയില്‍ 63,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ നല്‍കുന്നത്. ഇതിനായി 73,000 ഡോസ് വാക്സീനാണ് ജില്ലയ്ക്ക് ലഭ്യമാക്കിയതും. ജില്ലയിലെ 19 ബ്ലോക്കുകളിലായി 260 വാക്സീന്‍ സെന്ററുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യ ദിനം 12 കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പെങ്കിലും വരും ദിവസങ്ങളില്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ആദ്യ ഡോസ് വാക്സീനേഷന്‍ ഒരു മാസത്തിനകം 63000 പേര്‍ക്കും നല്‍കാവുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിര്കുന്നതും. രണ്ടര മാസത്തിനുള്ളില്‍ ആദ്യഘട്ട വാക്സീനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം