സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ആത്മഹത്യ; ആരോപണമുനയിൽ ജില്ലാകമ്മറ്റിയംഗവും

പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തതിൽ ആരോപണം ഉയരുന്നത് പ്രാദേശിക നേതാക്കൾക്കൊപ്പം ജില്ലാകമ്മറ്റിയംഗത്തിനു നേരെയും. മുൻപ് പാർട്ടിനടപടി നേരിട്ട ജില്ലാ നേതാവ് ഓമനക്കുട്ടനെ പലതവണ ഭീഷണിപ്പെടുത്തിയതായാണ് വിവരം. നേതാവിൻ്റെ ഭീഷണി ഓമനക്കുട്ടൻ ജില്ലാനേതൃത്വത്തിൻ്റെ  ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.

തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി തോറ്റതിനെ തുടർന്ന് പ്രാദേശീക നേതാക്കൾക്കൊപ്പം ജില്ലാ നേതാവും ഭീഷണി മുഴക്കി. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ 15ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. 2016ലെ നിയമസ തിരഞ്ഞെടുപ്പിൽ കോന്നിയിൽ സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ മുൻനിരയിൽനിന്നു എന്ന ആരോപണത്തെ തുടർന്ന് ജില്ലാ നേതാവിനെ കഴിഞ്ഞ സമ്മേളന കാലത്ത് ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ഈയടുത്താണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.  ഓമനകുട്ടനെ പ്രദേശിക നേതാക്കൾ കയ്യേറ്റം ചെയ്തതായി ഓമനക്കുട്ടൻ്റെ ഭാര്യ  രാധ വ്യക്തമാക്കിയിരുന്നു.

കോന്നി മുൻ ഏരിയ കമ്മറ്റി അംഗവും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടൻ ഒരു വർഷത്തോളമായി പാർട്ടിയിൽ സജീവമല്ല.  പ്രമാടം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സിപിഎം സ്ഥാനാർഥി യുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്നായിരു പ്രാദേശിക നേതാക്കളുടെ പ്രചരണം.