കാസർകോട് തീരത്ത് 'സാഗർ വിജിൽ'; കടലിലെ സുരക്ഷ വർധിപ്പിക്കും

കടലിലെ നിരീക്ഷണവും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോസ്റ്റൽ പൊലീസിന്റെ മോക്ഡ്രിൽ. കാസർകോട് തീരത്താണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന മോക് ഡ്രിൽ ആരംഭിച്ചത്. 

മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് സാഗർ വിജിൽ എന്നപേരിൽ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കടലിൽ സുരക്ഷാ പരിശോധന നടത്തുന്നത്. തീരവാസികൾ, പൊലീസ്, കോസ്റ്റൽ പൊലീസ്, നേവി, തീരസംരക്ഷണ സേന എന്നിവർ സംയുക്തമായാണ് മോക് ഡ്രിൽ സംഘടിപ്പിക്കുക. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉദ്യോഗസ്ഥർ കടലിലൂടെ വേഷംമാറി വന്നു തന്ത്രപ്രധാന മേഖലകളിൽ ഡമ്മി ബോംബുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് മോക് ഡ്രില്ലിലൂടെ അവതരിപ്പിക്കുക. കടലിലെ നിരീക്ഷണത്തിനൊപ്പം അടിയന്തരഘട്ടത്തിൽ ജനങ്ങളും ഏജൻസികളും എത്രത്തോളം സജ്ജരാണ് എന്ന് വിലയിരുത്തുകയും ചെയ്യും. ദൈര്‍ഘ്യമേറിയ തീരപ്രദേശം ഉള്ളതിനാലും കർണാടകയിൽനിന്നുള്ള ബോട്ടുകൾ വ്യാപകമായി കാസർകോടൻ തീരത്തു മൽസ്യബന്ധനം നടത്തുന്നതുകൊണ്ടും വലിയ നിരീക്ഷണമാണ് ജില്ലയുടെ തീരങ്ങളിൽ വേണ്ടിവരുന്നത്. അതിനിെട എൻജിൻ തകരാറിലായ ഒരു മൽസ്യബന്ധന വള്ളത്തെ മോക്ഡ്രില്ലിനിടെ കോസ്റ്റൽ പൊലീസ് കരയിൽ എത്തിച്ചു. 

തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലും നടക്കുന്ന സാഗർ വിജിൽ ഇന്ന് വൈകിട്ട് സമാപിക്കും.