മലയാളിയുടെ ആത്മാവിനെ തൊട്ട സ്വരം; 81-ാം പിറന്നാൾ നിറവിൽ യേശുദാസ്

മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്. 

വിശേഷണങ്ങള്‍ വാരിവിതറാന്‍ മുതിരുന്നില്ല. മധുരമനോജ്ഞ മലയാളവാണിയിലെ ഒട്ടെല്ലാ വിശേഷണപദങ്ങളും കാലം ഇതിനകം ചാര്‍ത്തി നല്‍കിക്കഴിഞ്ഞു. ഒരു സ്വരത്തെ അടയാളപ്പെടുത്താന്‍ പദമില്ലാത്തവിധം അമ്മമലയാളം ഈ മകനെ എന്നേ നമിച്ചുകഴിഞ്ഞു. 

പിറവിയും തുറവിയും ഈ നാടിന് മനഃപാഠമാണ്. സ്വന്തം ജീവിതമെന്നപോലെ. പിന്നിട്ടവഴിത്താരകളിലെ നാഴികകല്ലുകള്‍ കൈരേഖപോലെ നമുക്കൊപ്പംതന്നെയുണ്ട്. ഒരുപാട്ടുകാരന്റെ സ്വരജാതകം നെഞ്ചേറ്റുന്ന ജനതയാണ് നാം. ഈ സ്വരം ആത്മാവിനെത്തൊട്ടത് എത്രതവണയെന്നെണ്ണാന്‍ ആര്‍ക്കാണ് കഴിയുക? പാടുന്നത് താനായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത ആരാണുണ്ടാവുക?

തേന്‍പുരട്ടിയ പ്രണയവും ജീവിതത്തുരുത്തില്‍ ഒറ്റയ്ക്കാക്കിയ പ്രണയഭംഗവും ഒരേകണ്ഠനാളത്തില്‍  നിന്ന് തനിമയോടെ പാട്ടിന്റെ മറുപിറവിയെടുത്തതുകേട്ട് സ്വയമലിയാത്ത തലമുറയേതുണ്ട്? ഒരുകാലത്തിന്റെ, ഒരുപാട് ജീവിതങ്ങളുടെ  ചരിത്രരേഖയായി ഒരു സ്വരംമാറിയിട്ടുള്ളത് വേറെ എവിടെയാണ്? ആരോഹണ–അവരോഹണങ്ങളുടെ സ്വരശാസ്ത്രമെന്തെന്നറിയാത്തവരും കൂടെപ്പാടിയത് എത്രയോതവണയാണ്? ഭാഷയുടെ അതിരുവേലികള്‍ വെറും സങ്കല്‍പമാണെന്ന് ഇതുപോല മറ്റാരാണ് ബോധ്യപ്പെടുത്തിയിട്ടുള്ളത്? ചെന്തമിഴ് മൊഴിയുടെ സ്വര്‍ണശോഭ ഈ സ്വരത്തില്‍ കൂടുതല്‍ തിളങ്ങിയില്ലേ.

പാടിയതത്രെയും ഒരു തോരാമഴയുടെ കുളിരുപോലെ കൂടെയുണ്ട്. ഇനി പാടാനിരിക്കുന്നത് ഒരു മഴയിരമ്പംപോലെ കാതില്‍ മുഴങ്ങുന്നുമുണ്ട്. കാലം ഓടിക്കിതച്ചോട്ടെ മഹാഗായകാ. പാടുക.. പാടിക്കൊണ്ടേയിരിക്കുക