അതിശൈത്യത്തിൽ മനോഹരിയായി മൂന്നാർ; സന്ദർശകതിരക്ക് ഒപ്പം ഗതാഗതകുരുക്കും

വിലക്ക് നീങ്ങി വിനോദസഞ്ചാര മേഖല ഉണര്‍ന്നതോടെ അവധിക്കാലം ആഘോഷിക്കാനായി ദിവസവും മൂന്നാറിലേയ്ക്കെത്തുന്നത് ഒരു ലക്ഷത്തോളം ആളുകള്‍. ഇതോടെ മുന്നാറിലേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പ്രധാന വിനോദ സഞ്ചാരം മേഖലകളെല്ലാം സഞ്ചാരികളെകൊണ്ട് നിറഞ്ഞു.  

സഞ്ചാരികളെത്തി തുടങ്ങിയ കാലം മുതല്‍ മൂന്നറിന്‍റെ ശാപമാണ് ഈ ഗതാഗതക്കുരുക്ക്. പതിറ്റാണ്ടുകളായി ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇന്നും വെള്ളത്തില്‍ വരച്ച വരയാണ്. ഇരുചക്ര വാഹനം മുതല്‍ വലിയ ടൂറിസ്റ്റ് ബസ്സുകള്‍ വരെ മൂന്നാറിലേയ്ക്കൊഴുകിയെത്തിയതോടെ മൂന്നാരിലെ വഴികളിൽ ഗതാഗതകുരുക്ക് മുറുകി. പാര്‍ക്കിംഗ് സംവിധാനമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. മൂന്നാര്‍ ടൗണ്‍ മുതല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആനച്ചാല്‍ വരെ വാഹനങ്ങള്‍ മുമ്പോട്ട് പോകാനാകാതെ കുടുങ്ങി കിടന്നതു സ്ഥിരം കാഴ്ചയാണ്. പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളായ മാട്ടുപെട്ടി, രാജമല, ടോപ് സ്റ്റേഷന്‍തുടങ്ങിയ സ്ഥലങ്ങളിളാണ് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങൾ. എന്നാൽ ഗതാഗത കുരുക്ക് കാരണം പല കേന്ദ്രങ്ങളിലും എത്താന്‍ കഴിയാതെ സഞ്ചാരികൾ മടങ്ങുകയാണ് . ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവറാണ് കൂടുതൽ സുഗമമായി മൂന്നാര്‍ കണ്ട് മടങ്ങുന്നത്. 

കഴിഞ്ഞ രണ്ട് ദിവസുമായി മൂന്നാറിലെ ഹോട്ടലകളും, ഹോംസ്റ്റേകളുമെല്ലാം ഫുള്‍ ബുക്കിംഗാണ്. സഞ്ചാരികളുടെ തിരക്കേറിയതോടെ കോവിഡ് മാനദണ്ഡങ്ങളും കാര്യമായി പാലിക്കപ്പെടുന്നില്ല.