മുന്നറിയിപ്പ് ബോർഡില്ല, നിയന്ത്രണം ഇല്ല; മരണക്കെണിയൊരുക്കി പൈപ്പിടൽ

മരണക്കെണിയൊരുക്കി ദേശീയപാതയില്‍ സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടി പൈപ്പിടല്‍. കോഴിക്കോട് ജില്ലയിലെ താമരശേരിമുതല്‍ കുന്നമംഗലംവരെയാണ് ദേശീയപാത പൊളിച്ചുള്ള പൈപ്പിടല്‍ നടക്കുന്നത്. കഴിഞ്ഞദിവസം കൊടുവള്ളിയിലുണ്ടായ വാഹനപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്.  

രണ്ടുവരി പാതയിലൂടെ വാഹനം പാഞ്ഞുവരുമ്പോള്‍ വളവില്‍വച്ച് പാത ഒറ്റവരിയായി മാറുന്നു. ഇത് ഇരുവശത്തുനിന്നുംവരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ കാരണമാകുന്നു. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും ആള് നിന്നുകൊണ്ട് വാഹനം നിയന്ത്രിക്കാത്തതുമാണ് അപകടകാരണം. നിലവില്‍ ജോലി നടക്കുന്ന സ്ഥലത്തിനോട് ചേ‍ര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ചെറുതുംവലുതുമായ നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായത്. 

അപകടങ്ങള്‍ പതിവായതോടെ ദേശീയപാത അതോറിറ്റി സിറ്റി ഗ്യാസ് പദ്ധതി നടത്തിപ്പുകാരുടെ യോഗം വിളിച്ചിരുന്നു. എങ്കിലും അപകടങ്ങള്‍ക്ക് കുറവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.