നിയന്ത്രണവും നിരോധനവും മറന്നു; പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നു

നിരോധിച്ചിട്ടും നിയന്ത്രണമില്ലാതെ സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന് ഒരുവര്‍ഷം മുന്‍പ് 

സംസ്ഥാനം ഏര്‍പ്പെടുത്തിയ നിരോധനം അധികൃതര്‍ തന്നെ മറന്നമട്ടാണ്.  നിരോധനം കര്‍ശനമായി നടപ്പാക്കുക എന്നതാവും പുതിയ 

തദ്ദേശഭരണസമിതികള്‍ക്ക് മുന്‍പിലുള്ള വലിയ വെല്ലുവിളിയും. കഴിഞ്ഞ ജനുവരി  ഒന്നിന് സംസ്ഥാനത്ത് നിലവില്‍ വന്ന ഉത്തരവിന്  ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് മാത്രം യാതൊരു കുറവുമില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതുവരെ പിന്നിടാത്ത കോവിഡ് കാലത്ത് വര്‍ഷമൊന്ന് കഴിയുമ്പോള്‍ വിപണിയില്‍ പ്ലാസ്റ്റിക് സജീവമാണ്. ഭക്ഷണസാധനങ്ങളെത്തുന്ന കവറുകളില്‍ തുടങ്ങി എന്തിലും ഏതിലും പ്ലാസ്റ്റിക് മാത്രം. ദൈനംദിന സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ സഞ്ചിയില്ലാതെ വന്നാല്‍ പിന്നെ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നു വ്യാപാരികള്‍. 

അമ്പതുമൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന് നേരത്തെ കൊച്ചി ഉള്‍പ്പടെയുള്ള നഗരസഭകളും  ചില ഗ്രാമപഞ്ചായത്തുകളും  സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിെയങ്കിലും നടപ്പായില്ല. സാധനം വാങ്ങാന്‍ കയ്യില്‍ സഞ്ചി കരുതാത്തവര്‍ക്കും ന്യായങ്ങളുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം വിജയകരമാകില്ലെന്ന് അധികൃതര്‍ക്കും കൃത്യമായ ധാരണയുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായ പ്ലാസ്റ്റിക്കിനേക്കാള്‍ അധികമാണ് പത്ത് വര്‍ഷത്തിനിടയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടത്. ഇതില്‍ പകുതിയും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞതാണെന്നതും ഗൗരവമുയര്‍ത്തുന്നു.