ആഗ്രഹിച്ച ഇടം സ്വന്തമാക്കി; പൊടുന്നനെ മരണക്കയം: തേങ്ങി മലയാളം

കേവലം ഏഴു വർഷം നീണ്ട സിനിമാജീവിതം. മുപ്പതിൽ താഴെ സിനിമകൾ. എന്നിട്ടും അനിൽ നെടുമങ്ങാടിന്റെ വേർപാട് സിനിമ പ്രേമികളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന എങ്കിൽ അതിനൊരു കാരണമേ ഉള്ളൂ - പ്രതിഭയുടെ കയ്യൊപ്പ്. പതിയെ തുടങ്ങിയ സിനിമ കഥയിലേക്ക് കയറി തുടങ്ങിയപ്പോഴാണ് സ്റ്റീവ് ലോപ്പസിന്റെ ഇളയച്ഛൻ പ്രത്യക്ഷപ്പെടുന്നത്. ഫ്രെഡിയുടെ നിറഞ്ഞാട്ടം . രാജീവ് രവിയുടെ സിനിമ കണ്ടവർ  ഈ നടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയം ബാക്കിവെച്ചാണ് തീയേറ്റർ വിട്ടത്. ടെലിവിഷനുകളിൽ ജനപ്രിയ ഹാസ്യ പരിപാടികളുടെ മുഖമായിരുന്നു അനിൽ. സ്കൂൾ ഓഫ് ഡ്രാമക്കാരൻ എന്ന മേൽവിലാസം അയാൾ അവിടെ കൊണ്ടു നടന്നില്ല. 

നാടകവേദികളിൽ നിറഞ്ഞു നിന്നതും ദേശീയ നാടകോത്സവത്തിൽമികച്ച നടനായും ആ തമാശക്കാരൻ മറച്ചുവെച്ചു. സിനിമയിൽ തനിക്ക് വേണ്ടി മികച്ച വേഷങ്ങൾ കാത്തിരിപ്പുണ്ടെന്ന തോന്നൽ അന്നേ ഉണ്ടായിരുന്നുവെന്ന് ഒരിക്കൽ അനിൽ വെളിപ്പെടുത്തി . അതിന്റെ വിരാമമായിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ് . മമ്മൂട്ടി ചിത്രം തസ്കരവീരനിലെ ആദ്യ കഥാപാത്രം കഴിഞ്ഞുള്ള മടങ്ങിവരവ് . പാവാടയിലെ മദ്യപാനിയായും കമ്മട്ടിപ്പാടത്തിലെ പ്രതിനായകനായും അനിൽ സ്വഭാവനടന്റെ സ്ഥിരതകാട്ടി .അതിന്റെ കൊട്ടിക്കയറ ലായിരുന്നു അയ്യപ്പനുംകോശിയും . 

മുഖ്യധാരയ്ക്കൊപ്പം സമർപ്പണം പോലെയുള്ള സമാന്തര ചിത്രങ്ങളിലും നടൻ കരുത്തറിയിച്ചു. അനിലിന്റെ കയ്യടക്കത്തിന്റെ തെളിവായിരുന്നു അവസാന റിലീസുകളിലൊന്നായ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലെ രാജൻ . വരാനിരിക്കുന്ന പടവെട്ടിലും കോൾഡ് കേസിലുമൊക്കെ ശക്തമായ വേഷങ്ങളായിരുന്നു. ആഗ്രഹിച്ച ഇടം സ്വന്തമാക്കിയതിന്റെ ആഹ്ലാദം ഉയരുമ്പോഴാണ് അപ്രതീക്ഷിതമായി അനിൽ മരണക്കയത്തിലേക്ക് താഴ്ന്നുപോകുന്നത്. അയ്യപ്പനുംകോശിയും സമ്മാനിച്ച സച്ചിയുടെ ജന്മദിനത്തിൽ തന്നെ അനിൽ ഓർമ്മയാകുന്നുവെന്നത് സിനിമാപ്രേമികളിൽ മരവിപ്പ് കൂട്ടുന്നു.