ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റാകും; വന്‍ ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് ജാഗ്രതാനിര്‍ദേശം. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ  ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടുണ്ട്.  

ഒാഖി ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച്  തീവ്ര ന്യൂനമർദമായി. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറിൽ  കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി  ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുറെവി  ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ  കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അർധരാത്രിയോടെ  ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കാലാവസ്ഥാ പ്രവചനം ശരിവച്ച് കടലിന്റെ മുഴക്കവും തിരമാലകളുടെ ശക്തിയും ആപത്തിന്റെ മുന്നറിയിപ്പെന്നാണ് കാലങ്ങളായി കടലിനെ അറിയുന്നവരുടെ സാക്ഷ്യം.

ഡിസംബർ 1 മുതൽ 4 വരെ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ടിന്  തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.  ജില്ലാ കലക്ടർമാരോട് ജാഗ്രത പുലർത്താനും കരുതൽ നടപടി സ്വീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്

MORE IN KERALA