സഞ്ചാരികൾക്കായി തുറന്ന് അതിരപ്പിള്ളി; പ്രവേശനം കോവിഡ് ചട്ടങ്ങൾ പാലിച്ച്

ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ഇന്നുമുതൽ വനം വകുപ്പിന്റെ അനുമതി. വ്യൂ പോയന്റ് വരെ പ്രവേശനം അനുവദിക്കും. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധത്തിനൊടുവിലാണ് അതിരപ്പിള്ളി വ്യൂ പോയൻ്റ് തുറക്കുന്നത്.  ഡിസംബര്‍ 11 നു മുതല്‍ അതിരപ്പിള്ളി വിനോദ കേന്ദ്രം പൂര്‍ണ്ണമായും സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വ്യൂ പോയന്റില്‍ നിന്നും വെള്ളച്ചാട്ടം കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

വാഴച്ചാല്‍ മേഖലയിലേക്കുള്ള യാത്രാ നിരോധനം തുടരും. വാഹനങ്ങള്‍ ടിക്കറ്റ് കൗണ്ടറിനു മുന്‍പായി പാര്‍ക്കു ചെയ്തു കാല്‍ നടയായി വ്യൂ പോയന്റില്‍ എത്തണം. തുടര്‍യാത്രക്ക് പ്രധാന പ്രവേശന കവാടം വരെയാണ് അനുമതിയുള്ളത്. പ്രതിസന്ധിയിലായ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ്വാകും ഈ നീക്കം.

കോവിഡ് കാരണം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടും അതിരപ്പിള്ളി തുറന്നിരുന്നില്ല. അതിരപ്പിള്ളിയെ ആശ്രയിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.