അതിരപ്പിള്ളിയിലെ റിസോര്‍ട്ടിന്‍റെ കിണറ്റില്‍ ആനക്കുട്ടി വീണു; രക്ഷിക്കാന്‍ ശ്രമം തുടരുന്നു

അതിരപ്പിള്ളിയിലെ സ്വകാര്യ റിസോര്‍ട്ടിന്‍റെ കിണറ്റില്‍ കാട്ടാന വീണു. ആനക്കുട്ടിയെ രക്ഷിക്കാന്‍ വനംവകുപ്പിന്‍റെ ശ്രമം തുടരുന്നു. 

വിനോദസഞ്ചാര കേന്ദ്രത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിന്‍റേതാണ് കിണര്‍. കോണ്‍ക്രീറ്റ് സ്ലാബിട്ട് കിണര്‍ മറച്ചിരുന്നു. ഈ സ്ലാബിനു മുകളിലൂടെ ആന നടന്നപ്പോള്‍ വീണതാണെന്ന് കരുതുന്നു. സ്ലാബിന്‍റെ ഒരുഭാഗം തകര്‍ന്ന് കിണറ്റിലേക്ക് വീണിട്ടുണ്ട്. നാല്‍പതടിയോളം താഴ്ചയുണ്ട്. ആനക്കുട്ടിയ്ക്കു പരുക്കേറ്റിട്ടില്ലെന്നാണ് നിഗമനം. ചെളിയും വെള്ളവും നിറഞ്ഞ നിലയിലാണ് കിണര്‍. ആനക്കുട്ടി കിണറ്റില്‍ ചിഹ്നം വിളിച്ച് ചുറ്റുന്നുണ്ട്. ജെ.സി.ബി. കൊണ്ടുവന്ന് കിണറിന്‍റെ ഒരുവശത്തുക്കൂടെ വഴിയുണ്ടാക്കാനാണ് ശ്രമം. 

പ്രദേശത്തു മഴ പെയ്യുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ ആനയിറങ്ങുന്ന സമയമായതിനാല്‍ ജാഗ്രത പാലിക്കുന്നുണ്ട്. കാട്ടിനകത്ത് കുടിവെള്ളം കിട്ടാതെ ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നത് പ്രശ്നമാണ്. നിരവധിയിടങ്ങളില്‍ കൃഷി നശിപ്പിച്ചാണ് ആനക്കൂട്ടം മടങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയാകാം ആനക്കുട്ടി വീണതെന്ന് സംശയിക്കുന്നു.