മെലിഞ്ഞുണങ്ങി അതിരപ്പിള്ളി; വരൾച്ചാഭീഷണിയിൽ ചാലക്കുടിപ്പുഴയും

ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം മെലിഞ്ഞു. അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം പേരിനുമാത്രമാണെങ്കിലും വിനോദസഞ്ചാരികളുടെ വരവില്‍ ഒട്ടുംകുറവില്ല. 

കഴിഞ്ഞ മഴക്കാലത്ത് പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞാണ് ഒഴുകിയത്. അതേസമയം, വേനല്‍ എത്തിയപ്പോള്‍ ജലനിരപ്പ് പാടേ താഴ്ന്നു. ഷട്ടറുകള്‍ തകര്‍ന്നതായിരുന്നു വെള്ളം സംഭരിക്കുന്നത് തടസമായത്. ഷട്ടറുകള്‍ പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നില്ല. 

വൈദ്യുതോല്‍പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്‍റെ വരവ് നിലച്ചതാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കുറയാന്‍ കാരണം. രാത്രികാലത്തെ വൈദ്യുതോല്‍പാദനം പകല്‍സമയത്തേയ്ക്കു മാറ്റിയാല്‍ വെള്ളച്ചാട്ടം കുറേക്കൂടി മെച്ചപ്പെടുത്താന്‍ കഴിയും. 

കാടിനകത്ത് വരള്‍ച്ച തുടങ്ങിയതോടെ വന്യജീവികള്‍ വെള്ളം തേടി പകല്‍സമയത്തും ചാലക്കുടി പുഴയില്‍ ഇറങ്ങുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഇതു കടുത്ത ഭീഷണിയാണ്. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് കുറ‍ഞ്ഞത് കുടിവെള്ള പദ്ധതികളേയും കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചു.