നിലമ്പൂരിൽ വീര്യം കൂടും; നിയമസഭാ നേട്ടം തദ്ദേശത്തിലും പ്രതിഫലിക്കുമെന്ന് മുന്നണികൾ

മലപ്പുറം നിലമ്പൂരില്‍ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വീര്യം കൂടുതലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂര്‍ നിയമസഭ നിയോജക മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തതിന്റെ നേട്ടം നഗരസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് 

എല്‍.ഡി.എഫ്. എന്നാല്‍ അതേ കാരണം തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ പി.വി. അന്‍വറിന്റെ സാന്നിധ്യവും സ്വാധീനവും നേട്ടമാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാംപ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പി.വി. അന്‍വറിന്റെ ഇടപെടലുണ്ടായിരുന്നു. രൂപീകരണം മുതല്‍ രണ്ടു വട്ടവും യു.ഡി.എഫിന്റെ കൈവശമുളള നഗസഭ ഇപ്രാവശ്യം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപ്രചാരണം.

ആകെയുളള 33 വാര്‍ഡുകളില്‍ 17 കോണ്‍ഗ്രസും 9 മുസ്്ലീംലീഗുമടക്കം 26ഉം കഴിഞ്ഞ വട്ടം യു.ഡി.എഫിനായിരുന്നു. സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നുമടക്കം 7 വാര്‍ഡുകള്‍ കൊണ്ട് എല്‍.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. പി.വി. അന്‍വറിന്റെ ഇടപെടലുകള്‍ അടക്കം കാര്യങ്ങളെല്ലാം അനുകൂലമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

മൂന്നാം വാര്‍ഡിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റിബല്‍ സ്ഥാനാര്‍ഥിയാണ് സി.പി.എമ്മിനുളള വെല്ലുവിളി. 29 ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വിമതനും 27ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിമതനും യു.ഡി.എഫിന് തലവേദനയാണ്.