പാൽ വിതരണം; ഒപ്പം വോട്ടു ചോദിക്കലും; വെള്ളൂരിന്റെ മനസറിഞ്ഞ് മഹിളാമണി

വൈക്കം വെള്ളൂരിൽ നാടിന്‍റെ മനസറിയുന്ന പാൽക്കാരിക്കൊരു വോട്ട് തേടുകയാണ് ഇടതുപക്ഷം. ക്ഷീരകർഷകയായ ആലപ്പാട്ടിൽ മഹിളാമണിയാണ് പത്താം വാർഡിലെ ഇടത് മുന്നണി സ്ഥാനാർഥി. ദിവസേന രണ്ട് നേരം പാലുമായി വാർഡിലെ വീടുകളിലെത്തുന്ന മഹിളാമണിക്ക് തിരഞ്ഞെടുപ്പ് പ്രചാരണം വെല്ലുവിളിയേ അല്ല.

പുലർച്ചെ മൂന്നിന് തുടങ്ങുന്ന തയ്യാറെടുപ്പുകൾക്കൊടുവിലാണ് പാലുമായി മഹിളാമണിയുടെ നാട്ടിലോട്ടം. പുലർച്ചെയും ഉച്ചയ്ക്കും പാലുമായി വാർഡിലെ വീടായ വീടുകളില്‍ ഓടിയെത്താന്‍ തുടങ്ങിയിട്ട് 25 വർഷം പിന്നിട്ടു. ജനകീയ പാല്‍ക്കാരി സ്ഥാനാർഥിയായതോടെ പാൽക്കാര്യത്തിനൊപ്പം ഒരല്‍പം വോട്ടുകാര്യവും. 

2010ലെ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലേക്ക് ഒന്ന് പയറ്റി നോക്കിയിരുന്നു. അന്ന് പക്ഷെ 16 വോട്ടിന് തോറ്റു. ഇത്തവണ വിജയം തന്നെയാണ് ലക്ഷ്യം. മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള അവാര്‍ഡുള്‍പ്പെടെ നേടിയിട്ടുള്ള മഹിളാമാണി സി.പി.ഐ വെള്ളൂർ ലോക്കൽ കമ്മറ്റി അംഗവുമാണ്. 

കാൻസർ ബാധിച്ച് ഭർത്താവ് മരിച്ചതോടെ പശുക്കളെയും എരുമകളെയും ആടിനെയുമൊക്കെ വളർത്തിയാണ് മഹിളാമണി രണ്ട് മക്കളെ വളർത്തിയത്. ഇതിനൊപ്പമാണ് രാഷ്ട്രീയവും.