മൈതാനത്തെ മുന്നേറ്റം ഇനി തിരഞ്ഞെടുപ്പിൽ; മലപ്പുറത്ത് സ്ഥാനാര്‍ഥിയായി വനിത ഫുട്ബോള്‍ താരം

ഫുട്ബോളിന്റെ നാടായ മലപ്പുറത്ത് സ്ഥാനാര്‍ഥിയായി വനിത ഫുട്ബോള്‍ താരം.  ദേശീയ മല്‍സരങ്ങളില്‍ കേരളത്തിന്റെ മുഖമായിരുന്ന ജംഷീന ഉരുണിയംപറമ്പിലാണ് സ്ഥാനാര്‍ഥി. 

മൈതാനത്തിറങ്ങിയാല്‍ പിന്നെ ഏതു മുന്നേറ്റവും തടയുന്ന ഡിഫന്‍ഡറായിരുന്നു ജംഷീന. ഏഴു വര്‍ഷം കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞു. രാജ്യത്തിനു വേണ്ടിയും കളിച്ചു. 2006 ല്‍ സംസ്ഥാനത്തെ മികച്ച താരമായി വിവാഹം കഴിച്ച് മലപ്പുറത്ത് എത്തിയപ്പോഴാണ് നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്പാടിയില്‍ ഇടതു സ്ഥാനാര്‍ഥിയാവാന്‍ ക്ഷണം ലഭിച്ചത്. 

അയല്‍ക്കാരനായ ഐ.എസ്.എല്‍ താരം ജിഷ്ണു ബാലകൃഷ്ണനും ഭര്‍ത്താവിനുമൊപ്പം പരിശീലിക്കുബോഴും പന്തടക്കം പഴയപടി. രാഷ്ട്രീയത്തിലും ഇതേ മെയ്്വഴക്കമുണ്ടെന്ന് ഒപ്പം പ്രചാരണത്തിലുളളവര്‍. നിലവില്‍ കൗണ്‍സിലറായ ഭര്‍തൃപിതാവ് അബ്ദുല്‍ മജീദിന്റെ സബ്്സ്റ്റിറ്റ്യൂട്ട് ആവാനാണ് ജംഷീനയുടെ ശ്രമം. മറ്റു സേവനങ്ങള്‍ക്കൊപ്പം കായികമേഖലയ്ക്കു കൂടി കഴിയുന്നതെല്ലാം ചെയ്യുമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. 

തിരുവല്ല മാര്‍ത്തോമ കോളജില്‍ നിന്ന് എം.എ. എക്കണോമിക്സ് പൂര്‍ത്തിയാക്കി. സംസ്ഥാന ഫുട്ബോള്‍ താരമായിരുന്ന ജംഷീനയുടെ മൂത്ത സഹോദരി ഫെമിനാസ് തിരുവനന്തപുരത്തെ സ്കൂളിലെ ഫുട്ബോള്‍ പരിശീലകയാണ്.