കൊയ്ത്ത് കഴിഞ്ഞതോടെ രണ്ടാംവിള കൃഷിയിറക്കാനുളള തിരക്കിലാണ് പാലക്കാട്ടെ കര്‍ഷകര്‍. കുറഞ്ഞചെലവില്‍ കൃഷി ചെയ്യുന്നതില്‍ ഏറെ പരീക്ഷണങ്ങളും നടക്കുന്നയിടമാണ്. വീട്ടുമുറ്റത്ത് ഞാറ്റടി തയ്യാറാക്കാമെന്ന് തെളിയിച്ചിക്കുകയാണ് എലപ്പുളളിയിലെ കര്‍ഷകനായ ഉണ്ണികൃഷ്ണന്‍.
പാടത്ത് നെൽവിത്ത് എറിഞ്ഞും പഞ്ചയുണ്ടാക്കിയുമുളള നടീലിനു മാറ്റമുണ്ടാക്കിയിരിക്കുകയാണ് എലപ്പുളളി പുഞ്ചപ്പാടത്തെ ഉണ്ണികൃഷ്ണനെന്ന കർഷകൻ. പ്രത്യേകം ഒരുക്കിയ ട്രേയിലാണ് ഇവിടെ ഞാറ്റടി തയ്യാറാക്കിയിരിക്കുന്നത്. കൈകള്‍കൊണ്ട് ഇളക്കിയെടുക്കാം. ഒടിച്ചുമടക്കി കുട്ടയിലാക്കിയാലും നെല്‍ച്ചെടികള്‍ക്ക് കുഴപ്പമില്ല. വീടിന്റെ മുറ്റത്തോ കോണ്‍ക്രീറ്റ് തറയിലോ ഇത്തരത്തില്‍ വിത്തുകള്‍ക്ക് വേരുപിടിപ്പിക്കാം. നടീല്‍ യന്ത്രത്തിലേക്ക് ഇവ വച്ചു കൊടുക്കാനും എളുപ്പമാണ്. നിലം ഒരുക്കാനും ഞാറ്റടി തയ്യാറാക്കാനും 20 മുതൽ 40 കിലോ വരെ നെൽവിത്ത് ഉപയോഗിക്കുമ്പോൾ ട്രേയിയില്‍ എട്ടു മുതൽ പത്തു കിലോ വിത്ത് മാത്രമേ ആവശ്യമായി വരുകയുള്ളു. ഒരു എക്കറിൽ കൃഷിക്കാവശ്യമായ ഞാറ്റടി തയാറാക്കാൻ 60 ട്രെ മതിയാകും. സാധാരണയുളളതിനേക്കാള്‍ ചെലവും കുറവ്.
തഞ്ചാവൂര്‍ പോണ്ടിച്ചേരി ചിദംബരം എന്നിവിടങ്ങളില്‍ വിജയിച്ച രീതിയാണ് ഉണ്ണികൃഷ്ണനും നടപ്പാക്കിയത്. ഈ വർഷം ആറ് ഏക്കർ പാടത്താണ് ഉണ്ണികൃഷ്ണന്റെ നെല്‍കൃഷി.