ഒരേക്കറിൽ ഉരുളക്കിഴങ്ങ് കൃഷി; ഇനി ലക്ഷ്യം ചെറിയ ഉള്ളി; മുഹമ്മയിലെ യുവ കർഷകൻ

ചൊരിമണലിൽ ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി കൃഷി പരീക്ഷണവുമായി യുവ കർഷകൻ. പുത്തനമ്പലം സ്വാമിനികർത്തിൽ എസ്.പി.സുജിത്താണ് മുഹമ്മ പഞ്ചായത്ത് 15ാം വാർഡ് മുഹാരത്തിൽ ഒരേക്കറിൽ ഉരുളക്കിഴങ്ങ് കൃഷി തുടങ്ങിയത്. സമീപത്തുള്ള 50 സെന്റ് പാടത്ത് ചെറിയ ഉള്ളി കൃഷിക്കുള്ള ഒരുക്കത്തിലാണ് സുജിത്. 

ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷി ആദ്യമാണെന്ന് സുജിത് പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് കൃഷി തുടങ്ങിയത്. ഗുജറാത്തിൽ നിന്നുള്ള ഉരുളക്കിഴങ്ങ് മുളപ്പിച്ചാണ് പാകിയത്.  മൂന്ന് മാസമാണ് വിളവ് കാലാവധി. ജൈവ വളമാണ് ഉപയോഗിക്കുന്നത്. നിലവിൽ എല്ലാത്തരം പച്ചക്കറികളും മത്സ്യ, കോഴി, താറാവ് കൃഷികളും ചെയ്യുന്ന സുജിത്തിന്  മികച്ച യുവ കർഷകനുള്ള സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.