അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ പദ്ധതിയില്‍ സ്വകാര്യപങ്കാളിത്തം; വിവാദം

അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ ഫാംടൂറിസം പദ്ധതിയിലെ സ്വകാര്യപങ്കാളിത്തം വിവാദമാകുന്നു. സൊസൈറ്റിയുടെ രണ്ടായിരത്തിഅഞ്ഞൂറ് ഏക്കര്‍ സ്ഥലത്ത് ഇരുപത്തിയാറു വര്‍ഷം ഇക്കോടൂറിസം പദ്ധതി നടപ്പാക്കാന്‍ കരാര്‍ കൊടുത്തതിലാണ് ആക്ഷേപം. ഉദ്യോഗസ്ഥര്‍ മുഖേനയുളള കരാര്‍, സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് മന്ത്രി എകെ ബാലന്റെ വിശദീകരണം.

ആദിവാസി പുനരധിവാസത്തിനായി 1975 ല്‍ തുടങ്ങിയ സൊസൈറ്റിയുടെ നാലു ഫാമുകള്‍ നഷ്ടത്തിലായതോടെയാണ് വരുമാനം ലക്ഷ്യമിട്ട് ഫാംടൂറിസം പദ്ധതിക്ക് സൊസൈറ്റി തീരുമാനിച്ചത്. 2018 നവംബര്‍ 28ന് അപേക്ഷ ക്ഷണിച്ച് 2019 ഫെബ്രുവരിയില്‍ തൃശൂരിലെ എല്‍എ ഹോംസ് എന്ന സ്വകാര്യസ്ഥാപനത്തിന് കരാര്‍ നല്‍കി. സംഘത്തിന്റെ മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ് കലക്ടറാണ് കരാറില്‍ ഒപ്പുവച്ചത്. 1092 ഹെക്ടര്‍ സ്ഥലത്ത് വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുക. ആദിവാസികള്‍ക്ക് ജോലിയും വരുമാനത്തില്‍ നിന്ന് ‌നിശ്ചിതതുക സംഘത്തിന് നല്‍കണമെന്നും 26 വര്‍ഷത്തേക്കുളള കരാറില്‍ പറയുന്നു. ഭൂമിയുടെ കൈമാറ്റമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്മാക്കുന്നുവെങ്കിലും, പദ്ധതിക്കെതിരെ ആദിവാസി സംഘടനകള്‍ രംഗത്തെത്തി. 

ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സൊൈസറ്റി ഭരണസമിതിയുടെ തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ടൂറിസം കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് മന്ത്രി എകെ ബാലന്റെ വിശദീകരണം. ഫാമിന്റെ ഗുണഭോക്താക്കാളായ 450 ആദിവാസി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിതെന്നും സ്വകാര്യറിസോര്‍ട്ടുകളാണ് പരാതിക്ക് പിന്നിലെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.