തോൽക്കാൻ മനസില്ല; ജീവിതതാളം കണ്ടെത്തി വാദ്യകലാകാരന്മാർ; അതിജീവനം

കോവിഡ് നഷ്ടപ്പെടുത്തിയ ജീവിതതാളം കലാ രംഗത്തുനിന്നു തന്നെ തിരിച്ചുപിടിച്ചിരിക്കുകയാണ് മലപ്പുറം എടപ്പാളിലെ ഒരുകൂട്ടം വാദ്യ കലാകാരന്മാര്‍. ഉല്‍സവങ്ങള്‍ ഇല്ലാതെ നിത്യജീവിതം വഴിമുട്ടിയതോടെയാണ് കലാകാരന്മാർ വാദ്യോപകരണത്തിൻ്റെ നിർമാണരംഗത്തേക്ക് കടന്നത്. വിദേശത്തുനിന്നുവരെ ഓർഡർ ലഭിച്ചു തുടങ്ങിയതോടെ പുതുപ്രതീക്ഷയിലാണ് ഇവർ.

സന്തോഷിനെ പോലെയുള്ള കലാകാരന്മാരുടെ താളമെല്ലാം തകര്‍ക്കപ്പെട്ട മാസങ്ങളാണ് പിന്നിട്ടത്. ഏക ഉപജീവനമാർഗം നഷ്ടപ്പെട്ടപ്പോൾ സന്തോഷിൻ്റെ നേതൃത്വത്തിലുള്ള എടപ്പാള്‍ സോപാനം കലാ കേന്ദ്രം ഒരു തീരുമാനമെടുത്തു. ജീവിതം കലയിലൂടെ തന്നെ തിരിച്ചുപിടിക്കണം. അങ്ങനെയാണ് വാദ്യോപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നത്.

ഈ രംഗത്തെ പരിചയസമ്പത്താണ് മുതൽക്കൂട്ടായത് വിദേശത്തു നിന്നടക്കം ഉപകരണങ്ങൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. കയറ്റുമതി കുടുതൽ സജീവമാവുന്നതോടെ കോവിഡിൻ്റെ കരിനിഴൽ മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.