പൂജാ വിഗ്രഹങ്ങള്‍ എത്തി; നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പത്മനാഭപുരത്തുനിന്നുള്ള വിഗ്രഹങ്ങള്‍ തലസ്ഥാനത്തെത്തി. കിഴക്കേക്കോട്ടയിലും ശ്രീപത്മാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ചുകൊണ്ടായിരുന്നു സ്വീകരണച്ചടങ്ങുകള്‍.ഇന്ന് സന്ധ്യക്ക് നവരാത്രി പൂജ തുടങ്ങും.

കിഴക്കേക്കോട്ട കടന്ന് വിഗ്രഹങ്ങള്‍ എഴുന്നള്ളി. ആളകലംപാലിച്ച് ആചാരം തെറ്റിക്കാതെ സ്വീകരണം. ചടങ്ങിന് സാക്ഷിയായി തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ പ്രയാണമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചത്. പത്മതീര്‍ഥത്തിലെ ചടങ്ങുകള്‍ക്കുശേഷം സരസ്വതീദേവിയെ  നവരാത്രി മണ്ഡപത്തില്‍ എഴുന്നള്ളിച്ചു.നവരാത്രി മണ്ഡമപത്തില്‍ സംഗീതോല്‍വസവത്തിനും ഇന്ന് തുടക്കമാകും

കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലുമാണ് പൂജയ്ക്കിരുത്തുന്നത്.ബുധനാഴ്ച രാവിലെയാണ് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നവരാത്രി വിഗ്രങ്ങള്‍ ഒറ്റദിവസംകൊണ്ട് വാഹനത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് കാല്‍നടയായിത്തന്നെ ഘോഷയാത്ര പൂര്‍ത്തിയാക്കിയത്.