ബാലഭാസ്കര്‍ കേസിൽ നുണ പരിശോധന ഉടൻ: പ്രത്യേകസംഘം രൂപീകരിച്ചു

ബാലഭാസ്കര്‍ കേസിലെ നുണ പരിശോധന വെള്ളിയാഴ്ച തുടങ്ങും. പരിശോധനക്കായി കേന്ദ്ര ഫൊറന്‍സിക് ലാബിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സി.ബി.ഐ പ്രത്യേകസംഘം രൂപീകരിച്ചു. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ എസ്.പി ഉള്‍പ്പെടെയുള്ളവരുടെ നുണ പരിശോധന 28 ന് തുടങ്ങാനും തീരുമാനം. 

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയത് ആസൂത്രിത അപകടമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ട മൊഴികളില്‍ വ്യക്തത തേടിയുള്ള നുണപരിശോധന വെള്ളിയാഴ്ച തുടങ്ങും. ഡ്രൈവര്‍ അര്‍ജുന്‍, മാനേജര്‍ പ്രകാശന്‍ തമ്പി എന്നിവരെ 25നും സുഹൃത്തായ വിഷ്ണു സോമസുന്ദരം, സാക്ഷിയായ കലാഭവന്‍ സോബി എന്നിവരെ 26നും പരിശോധനക്ക് വിധേയമാക്കും. ചെന്നൈ, ഡല്‍ഹി എന്നീ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയിലാണ് പരിശോധന. അപകട സമയത്ത് അര്‍ജുനാണ് വഹാനം ഓടിച്ചതെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷമിയടക്കം ഭൂരിഭാഗം പേരുടെയും മൊഴി. 

എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്‍ പറയുന്നത്. ഇതിലാണ് ഏറ്റവും പ്രധാനമായും വ്യക്തത വേണ്ടത്. പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് ഇവര്‍ സംശയനിഴലിലായത്. ബാലുവിന്റെ വാഹനം അപകടത്തില്‍പ്പെടും മുന്‍പ് തന്നെ ആക്രമിക്കപ്പെടുന്നത് കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തലിന്റെ യാഥാര്‍ത്ഥ്യവും നുണപരിശോധനയിലൂടെ പുറത്തുവരുമെന്നാണ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും സംഘത്തിന്റെ പ്രതീക്ഷ. ഇതോടൊപ്പം നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി.വേണുഗോപാല്‍, ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുള്‍ സലാം എന്നിവരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും പരിശോധനക്ക് വിധേയമാക്കും.