നാലുവര്‍ഷം, ഡോ.ബി അശോകിന് ഇത് ഏഴാമത്തെ നിയമനം

റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായ ഡോ.ബി അശോകിന് നാലുവര്‍ഷത്തിനിടെയിത് ഏഴാമത്തെ നിയമനം. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ബാഹ്യ സമര്‍ദങ്ങള്‍ വന്നതോടെയാണ് സപ്ലൈകോ എം.ഡി സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. ഏറ്റവും കുറഞ്ഞകാലം സപ്ലൈകോ എംഡിയായിരുന്നയാളും അശോകാണ്. 

ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന അശോകിനെ ഭരണതലത്തിലെ ചിലരുടെ അനിഷ്ടം കാരണമാണ് ജൂലൈയില്‍ സപ്ലൈകോ എം.ഡിയാക്കിയത്. അതും നിലവിലെ എം.ഡി അലി അസ്ഗര്‍ പാഷയെ ജനറല്‍ മാനേജരായി തരംതാഴ്ത്തിയശേഷം. എന്നാല്‍ ഒരുമാസവും നാലുദിവസവും കഴിഞ്ഞപ്പോള്‍ അശോക് അവധിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് അവധിയില്‍ പോകുന്നതെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. എന്നാല്‍ ഒാണക്കിറ്റിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പില്‍ നിന്നുണ്ടായ സമര്‍ദങ്ങളാണ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. പിന്നീട് കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ എം.ഡി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞദിവസത്തെ മന്ത്രിസഭയോഗം റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്.

എന്നാല്‍ തിരുവനന്തപുരത്ത് ജോലി ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് എം.‍ഡി സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് അശോകിന്റ വിശദീകരണം. ജനറല്‍ മാനേജരായിരുന്ന അലി അസ്ഗര്‍ പാഷയ്ക്ക് എം.ഡിയുടെ പൂര്‍ണചുമതല നല്‍കിയിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ഏഴുപേരാണ് സപ്ലൈകോയില്‍ എം.ഡിമാരായി വന്നത്.