ചരിത്രമെഴുതി ഉമ്മന്‍ ചാണ്ടി; നേട്ടത്തില്‍ ഒപ്പമുള്ള ആ അമ്പതുകാര്‍: വിഡിയോ

umman-chandy
SHARE

രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഒരു അപൂർവ നേട്ടത്തിന്റെ കൊടുമുടിയുടെ തൊട്ടരികിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ മാസം 17ന് കേരള നിയമസഭയിൽ എം എൽ.എയായി 50 വർഷം തികയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം. 1970 ൽ തുടങ്ങിയതാണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻചാണ്ടിയുടെ യാത്ര. 

27 -ാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മൽസരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയൊരു പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായിരുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് നേതൃത്വം ഉമ്മൻചാണ്ടിയെ ധരിപ്പിച്ചത്. എന്നാൽ നേതൃത്വത്തെ ഞ്ഞെട്ടിച്ച് സിറ്റിങ് എംഎൽ എ ഇ.എം.ജോർജിനെ പരാജയപ്പെടുത്തി 7233 വോട്ടിന് ഉമ്മൻ ചാണ്ടി വിജയിച്ചു.

1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മൻചാണ്ടി വിജയം തുടർന്നു. തുടർച്ചയായി 11 തവണ.  2011 ൽ സുജ സൂസൻ ജോർജിനെ 

33255 പരാജയപ്പെടുത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 1970 ൽ നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 

1977 ൽ 111 സീറ്റ് നേടി അധികാരത്തിൽ വന്ന കെ.കരുണാകരൻ സർക്കാരിൽ ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായി. പിന്നീട് പല മന്ത്രിസഭകളിൽ ആഭ്യന്തര, ധന വകുപ്പുകളുടെ മന്ത്രിയായി. 2004 ൽ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവായി. 2011 - 16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.

ഉമ്മൻചാണ്ടി എം.എൽ.എയായി അൻപത് വർഷം തികയ്ക്കുമ്പോൾ ഇതേ നേട്ടം രാജ്യത്ത് ഇതിന് മുൻപ് കയ്യടക്കിയവരെ അറിഞ്ഞിരിക്കാം. 

നിര്‍മാണം: സനകന്‍ വേണുഗോപാല്‍, ക്യാമറ: വിഷ്ണു മണക്കാട്

എം.കരുണാനിധി (1924–2018)

രാജ്യത്തെ എം.എല്‍.എമാരിലെ ഒന്നാമനാണ് തമിഴ് നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച എം. കരുണാനിധി. 56 വർഷക്കാലം കരുണാനിധി തമിഴ്നാട് നിയമസഭയിൽ എം.എൽഎയായിരുന്നു. 1957 ൽ കുളിത്തലയിൽ നിന്നായിരുന്നു ആദ്യ ജയം. മരണം വരെ എം.എല്‍.എയായി പ്രവർത്തിച്ചു. 1984 ൽ ഒഴികെ 1957 - 2016 കാലത്ത് നടന്ന 13 തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് വിജയിച്ചു. 1984 ൽ മൽസര രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഏഴ് മണ്ഡലങ്ങളിൽ നിന്നായിരുന്നു കരുണാനിധിയുടെ 13 ജയങ്ങൾ. 

അവസാന തിരഞ്ഞെടുപ്പിൽ, 2016 ൽ തിരുവാരൂരിൽ കരുണാനിധി വിജയിച്ചത് 68,366 വോട്ടിനാണ്. അതാണ് ഉയർന്ന ഭൂരിപക്ഷം. 1980 ൽ അണ്ണാനഗറിൽ 690 വോട്ടിന് വിജയിച്ച് കയറിയതാണ് കുറഞ്ഞ ഭൂരിപക്ഷം. 

1969 ൽ തുടങ്ങി വിവിധ കാലഘട്ടങ്ങളിലായി അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി, ഏറ്റവും കൂടുതൽ കാലം തമിഴ്നാട് ഭരിച്ച നേതാവാണ്. ഒരു പാർട്ടി അധ്യക്ഷ പദവിയിൽ 

(49 വര്‍ഷം ഡി.എം.കെ അധ്യക്ഷന്‍) കൂടുതൽ കാലം ഇരുന്ന റെക്കോഡും കരുണാനിധിയുടെ പേരിൽ തന്നെ. 

2. കെ.എം.മാണി (1933-2019)

എം.എൽ എ മാരിലെ രണ്ടാമനും കേരളത്തില്‍ ഒന്നാമനുമാണ് കെ.എം.മാണി. 51 വ‍ര്‍ഷവും മൂന്നുമാസവും കേരള നിയമസഭയിൽ  എം.എല്‍.എയായിരുന്നു. 1965 മുതൽ  പാലായില്‍ നിന്ന് 13 തവണ വിജയിച്ചു. 1965 മുതൽ കന്നക്കുകൂട്ടിയാൽ 54 വർഷം മാണി എം.എൽ.എയായിരുന്നു. എന്നാൽ 1965 ൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് നിയമസഭ ചേർന്നിരുന്നില്ല.

ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ വിജയിച്ചതിന്റെയും (13 തവണ) പന്ത്രണ്ട് മന്ത്രിസഭകളിലായി കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റെയും (24 വർഷം) കൂടുതൽ സംസ്ഥാന ബജറ്റുകൾ (13)അവതരിപ്പിച്ചതിന്റെയും റെക്കോഡുകൾ മാണിക്ക് സ്വന്തമാണ്. 

1996 ൽ 23,790 വോട്ടിന് വിജയിച്ചതാണ് മാണിയുടെ ഉയർന്ന ഭൂരിപക്ഷം. 1970 ൽ 364 വോട്ടിന് വിജയം ഉറപ്പിച്ചത് കുറഞ്ഞ ഭൂരിപക്ഷവും.

കെ.ആര്‍.ഗൗരി (1919ല്‍ ജനനം)

കേരളത്തിൽ അൻപത് വർഷത്തിനടുത്ത് എം.എൽഎയായിരിക്കാർ കഴിഞ്ഞ നേതാവാണ് കെ.ആർ. ഗൗരിയമ്മ. തിരുവിതാംകൂർ, തിരു കൊച്ചി, കേരള നിയമസഭകളിലേക്ക് 17 തവണ മൂന്നു മണ്ഡലങ്ങളിലായി മൽസരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 1952, 54 തിരഞ്ഞെടുപ്പുകളിൽ തിരുക്കൊച്ചി നിയമസഭയിലും 1957, 60, 65,67, 70,80, 82, 87, 91, 96, 2001 വർഷങ്ങളിൽ കേരള നിയമസഭയിലേക്കുമായിരുന്നു ജയം. 1948, 77, 2006, 2011 വർഷങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. 65 ൽ നിയമസഭ കൂടാത്തത് കൊണ്ട് ഗൗരിയമ്മ എം.എൽ.എയായി 50 വർഷം പൂർത്തിയാക്കിയെന്ന് പൂർണമായി പറയാനാവില്ല. കേരളത്തിലെ ആദ്യ മന്ത്രിസഭ മുതൽ അഞ്ചു മന്ത്രിസഭകളിൽ ഗൗരിയമ്മ അംഗമായിരുന്നു.

ഗണപത്റാവു ദേശ്മുഖ് (1927ല്‍ ജനനം)

ഉമ്മൻചാണ്ടിയെ പോലെ ഒരേ മണ്ഡലത്തിൽ നിന്ന് 11 തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മഹാരാഷ്ട്രയിലെ ഗണപത് റാവു ദേശ്മുഖ്. പെസന്റ്സ് ആന്‍ഡ് വര്‍ക്കഴ്സ് പാര്‍ട്ടി നേതാവായിരുന്ന ദേശ്‌മുഖ് മഹാരാഷ്ട്ര നിയമസഭയിൽ 47 വര്‍ഷം അംഗമായിരുന്നു. 1962 മുതൽ സാംഗോള്‍ മണ്ഡലത്തിൽ നിന്ന് 11 തവണ വിജയിച്ച ദേശ്മുഖ് രണ്ടു തവണ പരാജയപ്പെട്ടു. രണ്ടുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. 2019ല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മല്‍സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...