വിനോദസഞ്ചാര മേഖല തുറക്കണം; കേരളത്തോട് ഇന്ത്യൻ വ്യവസായ മേഖല

കേരളത്തിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി രംഗത്ത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വ്യവസായം പുനരാരംഭിക്കണമെന്നാണ് ആവശ്യം. അതേസമയം ക്വാറന്റീന്‍ വ്യവസ്ഥ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. 

ഗോവയും, രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ വിനോദസഞ്ചാരം പുനരാരംഭിച്ചതോടെയാണ് കേരളത്തിലും സമാനമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി രംഗത്തെത്തിയിരിക്കുന്നത്. 2019 തുടക്കത്തില്‍ സഞ്ചാരികളുടെഎണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായിരുന്നു. കോവിഡില്‍ തൊഴിലും കച്ചവടമുമെല്ലാം നഷ്ടപ്പെട്ട സ്ഥിതിയാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസ പദ്ധതികള്‍ക്കൊപ്പം 

വിനോദസഞ്ചാരം പുനരാരംഭിച്ചാല്‍ വ്യവസായവും അനുബന്ധമേഖലകളും സജീവമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന നിബന്ധന പ്രായോഗികമല്ലെന്ന് സംഘടന പറയുന്നു.

മുപ്പത്തിയാറായിരം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരത്തിലൂടെ കേരളത്തിന് ലഭിച്ചത്. നേരിട്ടും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ച് അരക്കോടിയോളം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

MORE IN KERALA