ചായ വില പോലെ ഇന്ധന വിലയും കുറയ്ക്കണം; കുന്നോളം കമന്റ്; പുതുനീക്കം

വിമാനത്താവളത്തില്‍ പതിനഞ്ചു രൂപയ്ക്കു ചായ കിട്ടാന്‍ നിരന്തരം പോരാട്ടം നടത്തിയ അഭിഭാഷകനാണ് ഷാജി ജെ കോടങ്കണ്ടത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയായിരുന്നു തുടക്കം. ചായ വില കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടതോടെ ഷാജിയുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു. വിമാനത്താവളത്തിലെ ചായ വില കുറയ്ക്കുന്ന വാര്‍ത്ത വന്നപ്പോഴാണ് പൊതുജനങ്ങളില്‍ നിന്ന് വ്യാപക പ്രതീകരണം ഉണ്ടായത്. മനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക് പേജില്‍ ഈ വാര്‍ത്തയ്ക്കു താഴെ നിരവധി പേര്‍ കമന്റിട്ടത് ഇന്ധന വിലയെക്കുറിച്ചായിരുന്നു. 

ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് ഇന്ധന വില കുറയ്ക്കാന്‍ നിയമപോരാട്ടം നടത്താനായിരുന്നു കൂടുതല്‍ കമന്റുകളും. പൊതുജനത്തിന്റെ ഈ പ്രതീകരണം കണ്ട അഭിഭാഷന്‍ ഉടനെ പോയത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ്. ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി പ്രാരംഭവാദം ചൊവ്വാഴ്ച കേള്‍ക്കും. ഇന്ധന നികുതി കുറച്ച് വിലക്കയറ്റം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടാകും ഇക്കാര്യത്തില്‍ സുപ്രീംകോടതി ആരായുക. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയാണ് ഷാജി. തൃശൂര്‍ പീച്ചി ഭൂഗര്‍ഭ വൈദ്യുത ലൈന്‍, പട്ടിലുംകുഴി പാലം തുടങ്ങി പല ജനകീയ പദ്ധതികള്‍ക്കും കോടതി വഴി തീര്‍പ്പുണ്ടാക്കിയ അഭിഭാഷകന്‍ കൂടിയാണ്. എന്‍.എസ്.യു. ദേശീയ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.