സദ്യവട്ടം ലൈവിൽ; തനിച്ച് ഓണം ആഘോഷിച്ച് മുത്തച്ഛനും മുത്തശ്ശിയും

ഓണം കൊറാണാ ഓണം ആകുമ്പോള്‍ ഏറ്റവും വിഷമിക്കുന്നത് പ്രായമായവരാണ്. ഓണം എന്ന വികാരം മാത്രമാണ് അവര്‍ക്ക് മക്കളെയും ചെറുമക്കളെയുമെല്ലാം ചേര്‍ത്തുപിടിക്കാന്‍ അവസരമൊരുക്കുന്നത്. അത് ഇത്തവണ ഇല്ലാതായി. നമ്മളിനി കാണാന്‍ പോകുന്ന അച്ഛനും അമ്മയും, അല്ല മുത്തച്ഛനും മുത്തശ്ശിയും, ഈ ഓണം എങ്ങനെ ആഘോഷിക്കുന്നുവെന്ന് കാണാം.

കുറേ കൊല്ലങ്ങളായി ഇവരുടെ കാത്തിരിപ്പ് ഓണത്തിനുവേണ്ടിയാണ്. ഓണത്തിന്റെ പേരിലെങ്കിലും പേരക്കുട്ടികളെ അടുത്തുകാണാം.കെട്ടിപ്പിടിക്കാം. ഒത്തുവന്നാല്‍ മക്കളേയും.  ഇത്തവണ അതൊന്നുമില്ല. മക്കള്‍ വരില്ല. അത് അവരുടെ കരുതലുമാകാം. എന്നാലും ഓണമല്ലേ.പിന്നെ താമസിച്ചില്ല. സദ്യതന്നെ.... പിന്നല്ല. ഇലയില്‍ വരിവരിവരിയായി തൊട്ടുകൂട്ടാനും കൂട്ടുകൂട്ടാനും ഒക്കെ തയാര്‍. എല്ലാം വെര്‍ച്വലായ സ്ഥിതിക്ക് മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ. മുത്തശ്ശിയുടെ സദ്യവട്ടത്തിന്റെ ലൈവ് റെഡി.

നിങ്ങള്‍ വിചാരിക്കും ഇതൊക്കെ ഫോണില്‍ കാണിക്കാന്‍ വേണ്ടി മാത്രം പ്രിപ്പയര്‍ ചെയ്തതാണെന്ന്. അല്ല . അതാണ് ആ തലമുറയുടെ മഹത്വം. മക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി തയാര്‍ ചെയ്തതൊക്കെ വേറേചില മക്കള്‍ക്ക് ഓണസദ്യയാവുകയാണ്.  

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ പോലെ വയറിന്റെ നാദം കേട്ട് മയങ്ങുന്ന വാമനന്‍മാര്‍ക്കാണ് ഈ സദ്യ. ക്യമറാമാന്‍ രാജുപാവറട്ടി കണ്ട കൊറാണാ ഓണമാണിത്. ആ അമ്മയും അച്ഛനും അല്ലെങ്കില്‍ മുത്തച്ഛനും മുത്തശ്ശിയും നമ്മുടെ എല്ലാവരുടേതുമാകാം.