ടെന്‍ഡറില്ലാതെ വാങ്ങിയ ശര്‍ക്കരക്കും ഗുണനിലവാരമില്ല; നടപടിയെടുക്കാതെ സപ്ലൈകോ

സപ്ലൈകോ, ടെന്‍ഡറില്ലാതെ വാങ്ങിയ ശര്‍ക്കരയും ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനഫലം. മാര്‍ക്കറ്റ് ഫെഡും തൃശൂര്‍ ആസ്ഥാനമായ കോനൂപ്പറമ്പന്‍ ട്രേഡേഴ്സും നല്‍കിയ ശര്‍ക്കരയാണ് തിരിച്ചയച്ചത്. അതേസമയം ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര വിതരണം ചെയ്ത കമ്പനികള്‍ക്കെതിരെ കടുത്തനടപടി വേണ്ടെന്ന നിലപാടിലാണ് സപ്ലൈകോ.

കൃത്രിമ നിറം മുതല്‍ ചത്തജീവികള്‍ വരെ. ‍ഡിപ്പോകളില്‍ നിന്നുള്ള ശര്‍ക്കര സാംപിളുകളുടെ പരിശോധനഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് സപ്ലൈകോ. ടെന്‍ഡറിലൂടെ  ശര്‍ക്കര വിതരണം ചെയ്ത അഞ്ച് കമ്പനികളില്‍ രണ്ടെണ്ണത്തിന് എതിരെ പരാതിയുണ്ടായിരുന്നുള്ളു. എന്നാല്‍ കൂടുതല്‍ ഡിപ്പോകളിലെ സാംപിളെടുത്തതോടെ മുഴുവന്‍ കമ്പനികള്‍ നല്‍കിയ ശര്‍ക്കരയിലും  ഗുണനിലവാരമില്ലാത്തതുണ്ടെന്ന് തെളിഞ്ഞു. ഇതിന് പുറമെയാണ് ടെന്‍ഡറില്ലാതെ മാര്‍ക്കറ്റ് ഫെഡില്‍ നിന്നും കോനൂപ്പറമ്പന്‍ ട്രേഡേഴ്സില്‍ നിന്നും  വാങ്ങിയ ശര്‍ക്കരയിലും മായം കണ്ടത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി പത്തുലക്ഷം കിലോ ശര്‍ക്കരയാണ് കോനൂപ്പറമ്പില്‍ വിതരണം ചെയ്തത്. ഇത് തിരിച്ചെടുക്കാന്‍ പല ഡിപ്പോ മാനേജര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഗുണനിലവാരമില്ലാത്ത ശര്‍ക്കര വിതരണം ചെയ്ത് ഒാണക്കിറ്റ് തന്നെ അവതാളത്തിലാക്കിയ കമ്പനികള്‍ക്കെതിരെ കടുത്ത നടപടിക്കൊന്നും സപ്ലൈകോയ്ക്ക് താല്‍പര്യമില്ല. കരിമ്പട്ടികയില്‍പെടുത്തുക എളുപ്പമല്ലന്നും, പിഴ ഈടാക്കാനേ പറ്റുകയുള്ളുവെന്നുമാണ് വിശദീകരണം. സര്‍ക്കാര്‍ സമര്‍ദത്തിന് വഴങ്ങിയാണ് സപ്ലൈകോ കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ട്. അതുതന്നെയാണ്  നടപടിയില്‍ നിന്ന് സപ്ലൈകോയെ പിന്തിരിപ്പിക്കുന്നതും.