ഡയാലിസിസ് സെന്റര്‍ അടച്ചുപൂട്ടി; വലഞ്ഞ് രോഗികൾ

മലപ്പുറം മാറഞ്ചേറി പഞ്ചായത്തിന് കീഴിലുള്ള ഡയാലിസിസ് സെന്റര്‍ അടച്ചുപൂട്ടിയതോടെ വലഞ്ഞ് വൃക്ക രോഗികള്‍. പഞ്ചായത്ത് ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് ജീവനക്കാര്‍ ജോലിക്ക് എത്താതായതോടെയാണ് ഡയാലിസിസ് സെന്റര്‍ പൂട്ടിയത്. പ‍ഞ്ചായത്തിന്റെ കേന്ദ്രത്തെ ആശ്രയിച്ചിരുന്നവര്‍ കുന്നംകുളത്തും പൊന്നാനിയിലുമുള്ള ഡയാലിസിസ് സെന്ററുകളിലാണ് ഇപ്പോള്‍ ചികില്‍സയ്ക്കായി എത്തുന്നത്.  

മാറഞ്ചേരി പഞ്ചായത്തിലെ നിര്‍ധനരായ 4 വൃക്ക രോഗികള്‍ ഡയാലിസിസിനായി സ്ഥിരമായി ആശ്രയിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. മാറഞ്ചേരിയിലെ പ്രവാസി സംഘനയായ ജിസിസിയും പഞ്ചായത്തും ചേര്‍ന്നായിരുന്നു ചെലവുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് പഞ്ചായത്ത് വിട്ടുനിന്നതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ജീവനക്കാര്‍ ജോലിക്കെത്താതായതോടെയാണ് പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചത്. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ജിസിസി മുന്‍കൈയ്യെടുത്തെങ്കിലും നടത്തിപ്പ് ചുമതല വിട്ടുകൊടുക്കാന്‍ പഞ്ചായത്ത് തയാറായില്ല. 

ഇവിടെ ചികില്‍സയ്ക്കെത്തിയിരുന്ന നിര്‍ധന രോഗികള്‍ പൊന്നാനി നഗരസഭയുടെയും കുന്നംകുള്ളത്തെ സ്വകാര്യ ആശുപത്രിയിലെയും ഡയാലിസിസ് കേന്ദ്രങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ അനാസ്ഥ മൂലം ലക്ഷക്കണക്കിന് വിലയുള്ള ഉപകരണങ്ങളും ഇവിടെ തുരുമ്പെടുത്ത് നശിക്കുകയാണ്.