കുട്ടനാട്ടിലെ പ്രളയബാധിതരെ വഞ്ചിച്ച് സർക്കാർ: വൻ പ്രതിഷേധം

കുട്ടനാടിനുള്ള പ്രളയ ദുരിതാശ്വാസം വകമാറ്റിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. ദുരിതബാധിതരോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനാണ് ദുരിതാശ്വാസ നിധിയിലെ പണം മാറ്റിചെലവഴിക്കുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തി. കെ.എസ്.എഫ്.ഇ പിരിച്ച 36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാതെ വകമാറ്റിയ വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്

ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്കുള്ള ആശ്വാസ പദ്ധതിതന്നെ അട്ടിമറിച്ചെന്ന വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നത്. 2019 ലെ ബജറ്റ് പ്രഖ്യാപനത്തിന് പുല്ല് വില കല്‍പ്പിച്ചാണ് ധനമന്ത്രി തന്നെ ദുരിതാശ്വാസ നിധി വകമാറ്റാന്‍ മുന്നിട്ടിറങ്ങിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

പ്രഖ്യാപിച്ച പദ്ധതികളൊന്നും നടത്താത്ത സര്‍ക്കാര്‍ കുട്ടനാട്ടുകാരെ നിരന്തരം വഞ്ചിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി നാടിന് ഉപകാരപ്പെടേണ്ട ദുരിതാശ്വാസം വകമാറിയതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും അതൃപ്തിയുണ്ട്