പരിസ്ഥിതി സന്ദേശത്തിന് 60 ലക്ഷം; സാമ്പത്തിക പ്രതിസന്ധിക്കിടെ അധികച്ചെലവ്

മുഖ്യമന്ത്രിയുടെ പരിസ്ഥിതി സന്ദേശം വിദ്യാർഥികളില്‍ എത്തിക്കാന്‍ സർക്കാർ ചെലവിട്ടത് 60 ലക്ഷം രൂപ. കഴിഞ്ഞ  സ്കൂൾ പ്രവേശനോൽസവത്തിന്റ ഭാഗമായിട്ടാണ്  വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ  അച്ചടിച്ച  സന്ദേശം കൈമാറിയത്. മഹാപ്രളയത്തിന് ശേഷം സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെയായിരുന്നു ഈ അധികച്ചെലവ്.

മണ്ണും വെള്ളവും സംരക്ഷിച്ച് പുതിയൊരു കേരളം സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കായി 23 ലക്ഷവും ഹൈസ്ക്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി 1955000 കോപ്പിയുമാണ് അടിച്ചത്. സ്കൂളുകളിലെത്തിച്ച്  കുട്ടികൾക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. സർക്കാർ ചുമതലയിലുള്ള കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കായിരുന്നു അച്ചടിയുടെ ചുമതല. നാൽപത്തി മൂന്ന് ലക്ഷത്തോളം കോപ്പിക്ക് ആകെ അച്ചടിക്കൂലി 61.64 ലക്ഷം രൂപ. ഇതിൽ ഒരു ലക്ഷത്തി പതിനായിരം രൂപ വരുമാന നികുതി കുറച്ച ശേഷം 60 ലക്ഷത്തി അൻപത്തിനാലായിരം രൂപയാണ് കെ ബി പി എ സിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സന്ദേശം അറിയിക്കാൻ മറ്റ് പല മാർഗങ്ങളുണ്ടായിരിക്കെ  മുഴുവൻ കുട്ടികൾക്കും വൻതുക ചെലവാക്കി  അച്ചടിച്ച്  നൽകുന്നതിൽ ചില പ്രതിപക്ഷ അധ്യാപക സംഘടനകൾ അന്ന് എതിർപ്പ് ഉയർത്തിയിരുന്നു.

മഹാപ്രളയത്തിന് ശേഷം സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ അധിക ചെലവാണിതെന്നും  ആക്ഷപം ഉയർന്നിരുന്നു. ഇപ്പോഴും സമാന സ്ഥിതിയിലൂടെ കടന്നു പോകുമ്പോഴാണ് കെ ബി പി എസിന് തുക അനുവദിച്ചിരിക്കുന്നത്.