‘ആര്‍എസ്എസ് ഒപ്പമുണ്ടെന്ന് സിപിഎം അറിഞ്ഞത് പിന്നെ’: പരിഹസിച്ച് സതീശന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങൾക്ക് മറുപടിയുമായി വി.‍ഡി സതീശൻ. ഇതൊരു ഭയങ്കര പാർട്ടി തന്നെ എന്നാണ് പരിഹാസത്തോടെ സതീശന്റെ കുറിപ്പ്. ‘ജനസംഘത്തിന്റെ പിന്തുണയോടെ 1977 ൽ പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ ജയിച്ചെന്ന കഥ പുളിച്ച പഴം പുരാണമാണെന്നും 1977 ലെ ജനതാ പാർട്ടിയിൽ ആർഎസ്എസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത് 1979 ലാണെന്നും പിന്നെ ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് സി പി എം പറഞ്ഞെന്നും കോടിയേരി പറഞ്ഞിരുന്നു.

ഇതൊരു ഭയങ്കര പാർട്ടി തന്നെ. 1977 ലെ ജനതാ പാർട്ടിയിൽ ജനസംഘവും ആർഎസ്എസും ഉണ്ടെന്ന് തിരിച്ചറിയാൻ എടുത്തത് രണ്ടു വർഷം. 

പിന്നെ 1989 ൽ അത് മറന്നു പോയി. കെൽക്കത്തയിൽ രാജീവ് ഗാന്ധിയെയും കോൺഗ്രസിനെയും തോൽപ്പിക്കാൻ അദ്വാനിയുമായും വാജ്പേയിയുമായും കൈ കോർത്തു നിന്ന ജ്യോതിബാസുവിന്റെയും സുർജിത്തിന്റെയും ചിത്രം ഇപ്പോഴും ആളുകളുടെ മനസ്സിലുണ്ട്. അതിന് വേറെ ന്യായം. 

ഇങ്ങിനെ തോന്നുമ്പോൾ അഭിപ്രായം മാറ്റാനും വർഗ്ഗീയ വാദികളെ കെട്ടിപ്പിടിക്കാനും അതിന് ന്യായം പറയാനും ഈ പാർട്ടിക്കു മാത്രമേ കഴിയൂ.’ സതീശൻ കുറിച്ചു.