ആരോടും പരിഭവങ്ങളില്ലാതെ, പാതിയിൽ നിലച്ച ഈണമായി ജിതേഷ്

അവിസ്മരണീയ കലാകാരൻ ജിതേഷ് കക്കിടിപ്പുറം യാത്രയാകുമ്പോൾ നാടൻ പാട്ട് കലാരംഗത്തിനു നഷ്ടമാകുന്നത് പകരക്കാരനില്ലാത്ത പ്രതിഭയെ ആണ്. കൈതോല പായ വിരിച്ചു എന്ന ഒറ്റ ഗാനം മതി ജിതേഷ് എന്ന കലാകാരനെ എക്കാലവും ഓർമ്മിക്കാൻ. പാലോം  പാലോം നല്ല നടപ്പാലം എന്നീ ഗാനവും അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഹിറ്റ്‌  തന്നെ. അറുന്നൂറോളം പാട്ടുകൾ ജിതേഷിന്റെ തൂലികത്തുമ്പിൽ വിരിഞ്ഞു. സംഗീതത്തിന് പുറമെ നാടകരചന, കഥാപ്രസംഗം എന്നീ മേഖലകളിലും ജിതേഷ് മികവ് തെളിയിച്ചു. 

വർഷങ്ങൾക്കു മുൻപ് അവിചാരിതമായാണ് ജിതേഷ് കൈതോല പായ വിരിച്ചു എന്ന ഗാനം എഴുതിയത്. അന്ന് തുടങ്ങി മലയാളികൾ അത്  നെഞ്ചോടു ചേർക്കുകയും ചെയ്തു. പിൽക്കാലത്ത്‌ ഏറ്റവും പ്രചാരമുള്ള നാടൻ പാട്ടുകളുടെ പട്ടികയിൽ കൈതോല പായ ഇടം പിടിച്ചു. തുടർന്നും ജിതേഷിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്കരികിലെത്തുകയും അവയെല്ലാം ആസ്വാദക ഹൃദയം തൊടുകയും ചെയ്തു. 

സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷിന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുമുണ്ട്. ആതിരമുത്തൻ എന്ന നാടൻ പാട്ട് സംഘം അദ്ദേഹത്തിന്റേതാണ്. ജിതേഷിന്റെ അപ്രതീക്ഷിത വിയോഗം കലാരംഗത്തെ ആകെ  നൊമ്പരപ്പെടുത്തിയിരിക്കുകയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് ജിതേഷിനെ മലപ്പുറത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പ്രമുഖരുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.