സാഹസികത ഇഷ്ടമാണോ? എങ്കിൽ പോരൂ പോത്തുണ്ടി അണക്കെട്ടിലേക്ക്

ടൂറിസത്തിന് ഇപ്പോള്‍ കഷ്ടകാലമാണെങ്കിലും കോവിഡ് കാലത്തിന് ശേഷം പാലക്കാട് പോത്തുണ്ടി അണക്കെട്ട് വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കും. സാഹസീക വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതാദ്യമായി ആകാശസൈക്കിള്‍ സവാരി ഉള്‍പ്പെടെയാണ് ഇവിടെ ഒരുക്കിട്ടുളളത്. 

നെല്ലിയാമ്പതിയുടെ  താഴ്​വാരത്തുളള പോത്തുണ്ടി അണക്കെട്ടിനോട് േചര്‍ന്നാണ് വിനോദസഞ്ചാരികള്‍ക്കായി സാഹസീക സൈക്കിള്‍ സവാരി ഉള്‍പ്പെടെ പുതിയതായെത്തിയത്. 140 മീറ്റര്‍ ദൂരത്തിലുളള യാത്രയാണിത്. സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്കുളള സുരക്ഷിതമായ സൈക്കിള്‍ സവാരി. 

          ഇതുമാത്രമല്ല പതിനെട്ട് പുതിയതരം മറ്റ് ഇനങ്ങളും ഇവിടെയുണ്ട്.  ഉദ്യാനത്തോട് ചേർന്ന് ഉപയോഗമില്ലാതെ കിടന്ന നാലര ഏക്കർ സ്ഥലത്താണ് ഡിടിപിടി പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ പാര്‍ക്കിലും നാല്‍പതിലധികം പുതിയ കളിക്കോപ്പുകള്‍ ഉണ്ട്. കോവിഡ്്നിയന്ത്രണങ്ങളൊക്കെ ഇല്ലാതാകുമ്പോള്‍ മാത്രമേ ഉദ്യാനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവുകയുളളു. നെല്ലിയാമ്പതിയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ വരുംനാളുകളില്‍ പോത്തുണ്ടി ഇടത്താവളമാകും.