വാളാട് മുപ്പതോളം പേർക്ക് കൂടി കോവിഡ്; കടുപ്പിച്ച് നിയന്ത്രണം

വയനാട് തവിഞ്ഞാൽ വാളാട് മുപ്പതോളം പേർക്ക് കൂടി ആന്റിജൻ പരിശോധനയിൽ കോവിഡെന്ന് സൂചന. തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍‌മെന്റ് സോണുകളാക്കി. ഇവിടെ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന് കലക്ടര്‍ ഉത്തരവിട്ടു. 

അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളും  പാടില്ല.  തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തുടർച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത്. ഇന്നലെ 183 പേരിൽ  ആന്റിജൻ ടെസ്റ്റ്‌ നടത്തി. ഇതിൽ മുപ്പതോളം  പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് സൂചന. ഇന്നും കൂടുതൽ പേരിൽ ടെസ്റ്റ്‌ നടത്തും. സംസ്കാര ചടങ്  വിവാഹ പരിപാടി എന്നിവയുമായി ബന്ധപ്പെട്ടവർക്കാണ് കോവിഡ്. ഇതിൽ മാനന്തവാടി തൊണ്ടർനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ഈ ഭാഗങ്ങളിലും നിയന്ത്രങ്ങൾ കൊണ്ട് വരും. കഴിഞ്ഞ ദിവസം വാളാട് 42 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ബത്തേരിയിൽ ഇരുന്നൂറ്റി അമ്പതോളം പേരിൽ നടത്തിയ പരിശോധനയിൽ ആർക്കും രോഗമില്ല. ഇവിടെ ലാർജ് ക്ലസ്റ്റർ ആകുമെന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. ഇന്നും ബത്തേരിയിൽ കൂടുതൽ പേരിൽ പരിശോധനകൾ നടക്കും.