വേണ്ടപ്പെട്ടവ‍ർ ഔദാര്യം സ്വീകരിച്ചില്ലെങ്കിൽ നടപടിയെടുക്കൂ; വെല്ലുവിളിച്ച് കേന്ദ്രമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ശിവശങ്കരനെതിരെ നടപടിയെടുക്കാതെ മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിക്കുന്നതിനൊപ്പം മുനയുള്ള ഒരു ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ‘ധൈര്യമുണ്ടെങ്കിൽ, ശിവശങ്കരനിൽനിന്ന് മറ്റൊരൗദാര്യവും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവ‍ർ സ്വീകരിച്ചിട്ടില്ലെങ്കിൽ, നടപടിയെടുക്കാനുളള ആ‍ർജവം അങ്ങ് കാണിക്കണം. അല്ലെങ്കിൽ ഇരട്ടച്ചങ്കുളള പിണറായി പൊതുജനത്തിനുമുന്നിൽ എന്നും സംശയനിഴലിലായിരിക്കും.’ അദ്ദേഹം കുറിച്ചു. 

കുറിപ്പ് വായിക്കാം:

എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. പിണറായി സർക്കാരിന്റെ ഭരണം തീരാൻ ഏതാനും മാസങ്ങൾ ശേഷിക്കെ, വഴിവിട്ട ഇടപാടുകൾ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. സോളാറിൽ യുഡിഎഫിന് സംഭവിച്ചതിന്റെ തനിയാവർത്തനമാണ് സ്വർണക്കടത്തിൽ എൽഡിഎഫിനും സംഭവിക്കുന്നത്. അഴിമതിയുടെയും നിയമലംഘനത്തിന്റെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ അച്ചിൽവാ‍ർത്തവരാണെന്ന് കൂടി തെളിയുകയാണ്.

സ്വർണക്കടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സംശയനിഴലിലായിട്ടും മുഖ്യമന്ത്രി കണ്ട മട്ടില്ല. കസ്റ്റംസ് എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. എം ശിവശങ്കരന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നാണ് മാധ്യമറിപ്പോർട്ട്. കളളക്കടത്തിലെ ഇടനിലക്കാരിയായ വിവാദ സ്ത്രീയുമായി ശിവശങ്കരന് അടുപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിതന്നെയാണ് വാർത്താ സമ്മേളനത്തിൽ കുമ്പസാരിച്ചത്. എന്നിട്ടും ദീ‍ർഘാവധിയിൽപ്പോയ മുൻ ഐ ടി സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാൻ പിണറായി വിജയന് എന്താണ് വിമുഖത ?

ഭരണത്തിന്റെ ഇടനാഴികളിലെ വൻ സ്രാവുകളെക്കുറിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് പുസ്തകമെഴുതിയപ്പോൾ എത്ര വേഗമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുത്തത് ? എന്നാൽ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി രാജ്യത്തെതന്നെ ഏറ്റവും വലിയ കളളക്കടത്തുകേസിൽ ഉൾപ്പെട്ടിട്ട് നടപടിയ്ക്ക് മുതിരാത്ത മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് സംശയമുണർത്തുന്നത്.

ഉമ്മൻചാണ്ടിയുടെ സോളാ‍ർ കാലത്തേതുപോലെ അവതാരങ്ങൾ തന്റെ ഓഫീസിൽ ഉണ്ടാകില്ലെന്നല്ലേ പിണറായി വിജയൻ ഭരണമേൽക്കും മുമ്പ് പറഞ്ഞത് ? എന്നിട്ട് സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല ?അതും സ്വന്തം വകുപ്പിൽ സർക്കാർ മുദ്രയുളള വിസിറ്റിങ് കാ‍ർഡുമായി കറങ്ങി നടന്നിട്ടും!ധൈര്യമുണ്ടെങ്കിൽ, ശിവശങ്കരനിൽനിന്ന് മറ്റൊരൗദാര്യവും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവ‍ർ സ്വീകരിച്ചിട്ടില്ലെങ്കിൽ, നടപടിയെടുക്കാനുളള ആ‍ർജവം അങ്ങ് കാണിക്കണം. അല്ലെങ്കിൽ ഇരട്ടച്ചങ്കുളള പിണറായി പൊതുജനത്തിനുമുന്നിൽ എന്നും സംശയനിഴലിലായിരിക്കും !!