രൂപംമാറി രക്ഷപ്പെടാൻ പദ്ധതിയിട്ടു; മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തി സ്വപ്നയും സന്ദീപും

സ്വർണക്കടത്ത് കേസില്‍ ഒരാൾ കൂടി പിടിയിൽ. മലപ്പുറം പെരിന്തർമണ്ണ സ്വദേശി കെ.ടി.റമീസിനെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഞായറാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. ശനിയാഴ്ച വൈകിട്ട് ഏഴോടെ ബെംഗളൂരുവിലെ അപ്പാർട്മെന്റ് ഹോട്ടലിൽ നിന്നാണ് ഇരുവരും പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നു സൂചനയുണ്ട്. ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം.

കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.