‘ഇ.പി, ബ്രൂവറി, സ്പ്രിംഗ്ളര്‍, ബെവ്ക്യൂ, പമ്പ...’; ഏതാണ് ക്ലച്ച് പിടിക്കാത്തത്: ചെന്നിത്തല

മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ആക്ഷേപങ്ങൾ എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച ഏത് ആരോപണമാണ് ക്ലച്ചുപിടിച്ചിട്ടുള്ളത് എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് ചെന്നിത്തല ഇന്നു നൽകിയ മറുപടി ഇങ്ങനെ.

‘ആദ്യം ഉന്നയിച്ചത് ഇ.പി ജയരാജന്റെ ബന്ധുനിയമനം. അത് പ്രതിപക്ഷം ഉയർത്തിയപ്പോൾ മുഖ്യമന്ത്രി ഇ.പി ജയരാജനെ കൊണ്ട് രാജിവെപ്പിച്ചു. രണ്ടാമത് കെ.ടി ജലീലിന്റെ മാർക്ക് ദാനം. അദ്ദേഹത്തെ ഗവർണർ വിളിപ്പിച്ചില്ലേ. മൂന്ന്, ബ്രൂവറി അതു തുടക്കത്തിലെ ഞങ്ങൾ ഉയർത്തിക്കാട്ടിയതോടെ അത് ഉപേക്ഷിച്ചില്ലേ. പിന്നെ സ്പ്രിംഗ്ളര്‍ അഴിമതി. അതിൽ നിന്നും പിന്നോട്ടുപോയില്ലേ. അതിനുശേഷം ബെവ്ക്യൂ ആപ്പ്. ഇന്ന് ബവ്റിജസ് കോർപറേഷന്റെ നട്ടെല്ല് ഒടിച്ചില്ലേ. ഇത് ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ. പിന്നെ പമ്പയിലെ മണൽക്കൊള്ള അതും പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. ഇങ്ങനെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നെന്ന് ജനം മനസിലാക്കിയിട്ടുണ്ട്. 

പിന്നെ അദ്ദേഹം ഇന്നലെ ടെക്നോസിറ്റി ഞാൻ പോയത് വിമർശിച്ചു. കളിമണ്ണ് കുഴിച്ചെടുക്കാൻ ശ്രമം അവിടുത്തെ നാട്ടുകാരും പ്രതിപക്ഷവും അടക്കം ഒരുമിച്ച് നിന്ന് ഏതിർത്തതോടെ അവിടെയും തോറ്റുപോയി. ആശാപ്പുര എന്ന ഗുജറാത്ത് കമ്പനി കേരളത്തിന്റെ ധാതുസമ്പത്ത് ലക്ഷ്യമിട്ട് വട്ടമിട്ട് പറക്കുന്നുണ്ട്. അത് കൃത്യമായി ചൂണ്ടിക്കാട്ടി ഏതിർത്തു. ഇങ്ങനെ കോടികളുടെ കച്ചവടം പൊളിഞ്ഞതിന്റെ നിരാശയാണ് മുഖ്യമന്ത്രിക്ക്. ഇനി മുഖ്യമന്ത്രി പറയണം. പ്രതിപക്ഷം ഉന്നയിച്ച ഏതുആരോപണമാണ് പൊട്ടിപാളീസായി പോയതെന്ന്.’ രമേശ് ചെന്നിത്തല പറഞ്ഞു.