ഇനിയും വൈദ്യുതി എത്തിയിട്ടില്ല; പഠനം വഴിമുട്ടി അട്ടപ്പാടിലെ കുട്ടികൾ

വൈദ്യുതിയെത്താത്തതിനാൽ ഓൺലൈൻ പഠനമൊന്നും ഇല്ലാതെ പാലക്കാട് അട്ടപ്പാടി കുറുക്കൻകുണ്ടിലെ വിദ്യാർഥികൾ.  നാൽപതു വീടുകളിലായി ഇരുപതു കുട്ടികളാണ് പഠന വഴി തേടുന്നത്.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി അഗളി പഞ്ചായത്തിലെ കുറുക്കൻകുണ്ട് പ്രദേശത്ത് താമസിക്കുന്ന 40 കുടിയേറ്റ കർഷകരുടെ വീടുകളിലാണ് ഇനിയും വൈദ്യുതിയെത്താത്തത് . ഇപ്പോൾ നാടു മുഴുവൻ ഓൺലൈൻ പഠനത്തിലേക്ക് മാറിയപ്പോഴും ഇവിടുള്ള ഇരുപതു കുട്ടികൾ ഇതൊന്നുമില്ലാതെ കഴിയുന്നു. ചാർജ് ചെയ്യാൻ പോലും സംവിധാമില്ലാത്തതിനാൽ മൊബൈൽ ഫോൺ വഴിയും പഠനം സാധിക്കില്ല. 

വഴിക്കും വൈദ്യുതിക്കും വേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. വനം വകുപ്പുമായുളള ഭൂമി സംബന്ധമായ തർക്കമാണ് വൈദ്യുതി ലഭിക്കാത്തതിന് പ്രധാന കാരണം. 1974,   76 വർഷങ്ങളിൽ പട്ടയം കിട്ടിയ ഭൂമിയാണെന്ന് കർഷകർ പറയുന്നു. കാലമിത്രയായിട്ടും പരിഹാരമില്ല. 

ഭൂമി പ്രശ്നം മാറ്റി നിർത്തി വെളിച്ചമേകാൻ വനം വകുപ്പ് തന്നെ താൽപ്പര്യമെടുക്കണം.

കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കുറുക്കൻകുണ്ട് പള്ളിയിൽ ജനപ്രതിനിധികളും , രാഷ്ട്രീയമത നേതാക്കളും യോഗം ചേർന്നു. റവന്യൂ, വനം, വൈദ്യംതി വകുപ്പുകളാണ് നടപടിയെടുക്കേണ്ടത്.

പ്രദേശത്ത് താമസിക്കുന്ന ഇരുപതിലധികം കുടുംബങ്ങളുടെ രേഖകൾ പരിശോധിച്ച്,   ഭൂമി പതിച്ചു നല്കാൻ

വനംവകുപ്പ് തന്നെ  റവന്യൂ വകുപ്പിനോട് ശുപാർശ ചെയ്തതാണെന്ന് നാട്ടുകാർ പറയുന്നു.