അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ചു; ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം

അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ചെ ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കൊല്ലം ഏരൂരിലാണ് അതിക്രമം. ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 

ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള സുഹ്യത്തുക്കളായ രണ്ടുപേർ ഇന്നലെയാണ് ഉഡുപ്പിയിൽ നിന്നെത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ നീരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്ന് ഏരൂർ മണലി പച്ചയിലെ വീട്ടിൽ ഇരുവർക്കും ക്വാറൻ്റീൻ അനുവദിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. യുവാക്കളുമായി ആംബുലൻസ് എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടനെ കൈയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. 

പൊലീസ് എത്തി ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.യുവാക്കളെ ഏരൂരിലെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കി. നാട്ടുകാർക്കെതിരെ ഏരൂർ പൊലീസ് കേസെടുത്തു. സൗകര്യമുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ എത്തുന്നവരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും മുന്നറിയിപ്പ് നൻകി.