പാലക്കാട്ട് കാട്ടാനശല്യം കുറയ്ക്കാനുളള വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടരുമ്പോഴും കൃഷിനാശത്തിന് കുറവില്ലെന്ന് കര്‍ഷകര്‍. ജനവാസമേഖലയോട് ചേര്‍ന്ന് തമ്പടിച്ച നാലു കാട്ടാനകളെ കാടുകയറ്റിയെന്നാണ് വനംഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ കാട്ടാനകളെ കണ്ടെത്താന്‍ കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.
കര്‍ഷകനായ മോഹന്‍ദാസ് പറഞ്ഞത് വാളയാര്‍, കഞ്ചിക്കോട് , കൊട്ടേക്കാട് , മലമ്പുഴ മേഖലകളിലെ നൂറിലധികം കര്‍ഷകരുടെ വേദനയാണ്. ഒരുവശത്ത് കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ച് പെടാപ്പാട് തുടരുകയാണ്. മറുവശത്ത് കാട്ടാനകള്‍ കൃഷിനാശംവരുത്തി കര്‍ഷകരെ കണ്ണീരിലാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, അഗസ്ത്യൻ എന്നീ മൂന്നു കുങ്കിയാനകളെ എത്തിച്ച് വനംജീവനക്കാര്‍ കാട്ടാനകള്‍ക്കായി തിരച്ചില്‍ തുടങ്ങിയത്. മൂന്നു കാട്ടാനകളാണ് പ്രശ്നക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നാലെണ്ണത്തിനെ കിട്ടി. ഇനിയും ഉണ്ടെന്നാണ് കര്‍ഷകരും വനംജീവനക്കാരും പറയുന്നത്. അല്ലെങ്കില്‍ കാടുകയറിയ കാട്ടാനകള്‍ തിരിച്ചിറങ്ങുന്നതാണോയെന്നും സംശയിക്കുന്നു.
കുങ്കിയാനകളെ ഉപയോഗിച്ച് വനംവകുപ്പ് എത്രനാള്‍ പ്രതിരോധം തീര്‍ക്കുമെന്നതും ചോദ്യമാണ്.