വരുമാനമില്ല; ലോറിയിൽ തന്നെ സ്റ്റേജും കതിർമണ്ഡപവും; ലളിതം

വിവാഹവും മറ്റ് ആഘോഷപരിപാടികളും നിലച്ചതില്‍ കഴിഞ്ഞ മൂന്ന് മാസമായി പ്രതിസന്ധിയിലാണ് സ്റ്റേജ് ഡെക്കറേഷന്‍ ഒരുക്കുന്നവര്‍. പരാമാവധി ചെലവു ചുരുക്കാന്‍ ലോറിയില്‍ തന്നെ വിവാഹസല്‍ക്കാര സ്റ്റേജും കതിര്‍മണ്ഡവവും ഒരുക്കി ബുക്കിങ് കാത്തിരിക്കുകയാണ് വയനാട് നടവയലിലെ ഒരു ഇവന്റ് മാനേജ്മെന്റ് ടീം.

കഴിഞ്ഞ മൂന്നു മാസമായി പരിപാടികളൊന്നും ലഭിക്കാതെ വീട്ടിലിരിക്കുകയാണ്.ഇനി അഥവാ ബുക്കിങ് വന്നാല്‍ തന്നെ മണ്ഡപവും സ്വീകരണസംവിധാനങ്ങളുമെല്ലാം തലേന്ന് പോയി തയാറാക്കണം. ഇതിന് കൂടുതല്‍ ജോലിക്കാര്‍ വേണം കൂലിയും. ഇതൊന്നും നിലവില്‍ താങ്ങാനാകില്ല.

അത് മറികടക്കാനാണ് നടവയലിലെ സഹോദരങ്ങളായ അജേഷും അഭിലാഷും ഈയൊരാശയം തിരഞ്ഞെടുത്തത്. വീട്ടിലുള്ള ലോറിയില്‍ തന്നെ സ്റ്റേജും ഡെക്കറേഷനുകളും ഒരുക്കുകയാണ് ഇവര്‍.

വാഹനത്തിലേക്ക് കയറാനുളള സ്റ്റെപ്പ് ,മറ തുടങ്ങിയ അനുബന്ധ സാമഗ്രികള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന്  ഉണ്ടാക്കി. ഒരാള്‍ വിചാരിച്ചാല്‍ ഇരുപത് മിനുട്ട് കൊണ്ട് സല്‍ക്കാര സ്റ്റേജ് ലോറിയില്‍ തയാറാക്കാം. ഇതുമായി ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് അരമണിക്കൂര്‍ മുമ്പ് പോയാല്‍മതി.

നടവയലിലെ വിവാഹവീടുകളില്‍ നിന്ന് വിവാഹവീടുകളിലേക്ക് ഈ ലോറി കതിര്‍മണ്ഡപം സഞ്ചരിക്കും. കോവിഡ് കാലത്ത് ലളിതമായ കല്യണം നടത്തുന്നവര്‍ക്കും ചെലവ് കുറഞ്ഞതിനാല്‍ ഇത് വലിയ ഉപകാരമാകും. ഈ മാസം ഇരുപത്താറിന് ആദ്യ ബുക്കിങ്.