അഞ്ചേക്കറിൽ കൃഷി; ആവേശം വളമാക്കി ആശ; കഞ്ഞിക്കുഴിയിൽ വീണ്ടു‌ം പച്ചക്കറി വിപ്ലവം

കൃഷിയില്‍ സ്വയംപര്യാപ്തരാവണമെന്ന് ചിന്തിക്കുന്ന കാലത്ത് മുന്നേ നടന്നൊരു വീട്ടമ്മയുണ്ട് ആലപ്പുഴയില്‍. അടുക്കളത്തോട്ടം നല്‍കിയ വിളവില്‍ ആവേശംപൂണ്ട് അഞ്ചേക്കറിലേക്ക് കൃഷി വര്‍ധിപ്പിച്ച ആശ ഷൈജു. പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച കഞ്ഞിക്കുഴിയില്‍നിന്നാണ് ഈ കഥയും മുളപൊട്ടുന്നത്

ആദ്യകൃഷി നല്‍കിയ വിളവില്‍നിന്ന്, ആവേശം വളമായപ്പോള്‍ ആശ മണ്ണില്‍ വേരുറപ്പിച്ചു. അങ്ങനെ ചൊരിമണലില്‍ ഇലകളുടെ പച്ചപ്പ് പടര്‍ന്നു. ആറുവര്‍ഷം മുന്‍പ് ഗ്രാമപഞ്ചായത്ത് നല്‍കിയ വിത്ത് വിതച്ചു തുടങ്ങിയതാണ്. ഒരു കുഞ്ഞ് അടുക്കളത്തോട്ടം അത്രയേ ഉണ്ടായിരുന്നുള്ളു. വിളവ് നല്‍കിയ സന്തോഷമാണ് കൃഷിയിടത്തെ വിപുലപ്പെടുത്തിയത്. ലോക് ‍ഡൗണ്‍കൂടിയായതോടെ ആവശ്യത്തിന് സമയം. 

ഇനിയുമേറെ മണ്ണ് ഉഴുതുമറിക്കാനാണ് ആശയുടെ ആശ. കീശ നിറയാന്‍ കാശ് കിട്ടുന്നുവെന്നത് സന്തോഷം. കൃഷിപ്പണിക്ക് കൂട്ടായി ഭര്‍ത്താവ് ഷൈജുവും മകളുമുണ്ട്. അധ്യാപികയാവാന്‍ ആഗ്രഹിച്ച ആശയക്ക് മുന്നില്‍ ഇപ്പോള്‍ കുട്ടികളാണ് വെണ്ടയും തക്കാളിയും വഴുതനയും പപ്പായമെല്ലാം