ഓണ്‍ലൈന്‍ പഠനകാലത്ത് ടാബ്ചലഞ്ചുമായി ഹൈബി ഈഡന്‍; നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായം

ലോക്ക് ഡൗണിലെ ഓണ്‍ലൈന്‍ പഠനകാലത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ഹൈബി ഈഡന്‍ എംപിയുടെ ടാബ്ചലഞ്ച്. ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആയതോടെ ആദ്യദിനം ലഭിച്ചത് അമ്പതോളം ടാബുകള്‍ നല്‍കാമെന്ന വാഗ്ദാനമാണ്.

ലോക്ക് ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് റൂമുകളില്‍ പങ്കാളികളാകുന്നതിന് സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറുകളുമില്ലാത്ത നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കാനായിരുന്നു ഹൈബി ഈഡന്‍ എംപിയുടെ വേറിട്ട ചലഞ്ച്. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി പത്ത് ടാബുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് എംപി തന്നെയാണ് ചലഞ്ചിന് തുടക്കമിട്ടത്. മണിക്കൂറുകള്‍ക്കകം നാടിന്‍റെ വിവിധ കോണുകളില്‍ നിന്ന് സഹായ വാഗ്ദാനങ്ങളെത്തി. നഗരത്തിലെ മൊബൈല്‍ കടകളും എംപിയുടെ ടാബ് ചലഞ്ചിന് ഒപ്പം കൂടി.

എറണാകുളം മണ്ഡലത്തിലെ അമ്പതോളം സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ചലഞ്ചിന്‍റെ പ്രയോജനം ലഭിക്കുക. പ്രധാനാധ്യാപകരായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക

വീടുകളില്‍ ഉപയോഗിക്കാതിരിക്കുന്ന ടാബുകളും ലാപ്ടോപ്പുകളും കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗ്യമാക്കി ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതും ഈ ചലഞ്ചിന്‍റെ ഭാഗമാണ്