ചില ഔട്​ലെറ്റിൽ ആരും എത്തിയില്ല; വെറുതേയിരുന്ന് ജീവനക്കാർ; ബാറുകളിൽ നീണ്ട നിര

ഓൺലൈൻ മദ്യക്കച്ചവടത്തിൽ കിതച്ച് ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകൾ. നാഗമ്പടത്തെ ഔട്‌ലെറ്റിൽ ഒറ്റ രൂപയുടെ പോലും മദ്യം വിറ്റില്ല. ടോക്കൺ ഈ വിൽപന ശാലയിലേക്ക് ആർക്കും ലഭിക്കാത്തതിനെത്തുടർന്ന് രാവിലെ മുതൽ വൈകിട്ട് വരെ ജീവനക്കാർ വെറുതെയിരുന്നു. ഗാന്ധിനഗറിൽ 37,640 രൂപയുടെ മാത്രം കച്ചവടമാണ് ഇന്നലെ നടന്നത്.

ആദ്യദിവസം 9.94 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്നു. ചിങ്ങവനത്ത് 3.26 ലക്ഷം രൂപയുടെ മദ്യമാണ് ഇന്നലെ വിൽപന നടത്തിയത്. കഴിഞ്ഞദിവസം ഇത് 9.5 ലക്ഷം രൂപയായിരുന്നു. മദ്യവിൽപന ഓൺലൈൻ ബുക്കിങ് ആക്കിയതിലുള്ള തകരാറാണ് വിൽപന കുറയാൻ കാരണമെന്നാണ് ഔട്‌ലെറ്റ് ജീവനക്കാരുടെ പരാതി. ടോക്കണുകളിൽ പലതും ബാറുകളിലേക്ക് മാത്രമാണ് പോകുന്നതെന്നും ഇവർ ആരോപിക്കുന്നു.

ഇന്നലെ രാവിലെ മുതൽ ആപ് തകരാറിലായതും മദ്യവിൽപനയെ ബാധിച്ചു. ബവ്ക്യൂ ആപ്പിൽ പല സമയത്തും നെറ്റ്‌വർക് തകരാർ എന്ന സന്ദേശം മാത്രമാണു ലഭിച്ചത്. ബവ്റിജസ് ഔട്‌ലെറ്റുകളിൽ തിരക്ക് ഒഴിഞ്ഞു നിന്നപ്പോഴും ബാറുകളിൽ നീണ്ട നിര പലസ്ഥലത്തും ഉണ്ടായിരുന്നു. ബെവ്ക്യൂ ആപ്പിൽ നിന്നുള്ള ടോക്കണില്ലാതെ മദ്യവിൽപന നടത്തിയെന്ന കേസിൽ കോട്ടയത്തെ അ‍ഞ്ജലി ബാർ ഹോട്ടലിലെ മദ്യവിൽപന എക്സൈസ് തടഞ്ഞു.  ബാറിനെതിരെ കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.