മണ്ഡലത്തിലെ കുട്ടികളെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിക്കും; വാഹനമൊരുക്കി ശബരീനാഥൻ

എസ്.എസ്. എൽ.സി ,ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുകയാണ് സർക്കാർ. വിദ്യാർഥികളുടെ യാത്രാസൗകര്യം അടക്കമുള്ള വിഷയങ്ങൾ ചില സ്ഥലങ്ങളിൽ പ്രതിസന്ധി തുടരുകയാണ്. ഇതിനിടെ മാതൃകാ പരമായ തീരുമാനവുമായി രംഗത്തെത്തുകയാണ് അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും യൂത്ത് കോൺഗ്രസും. മണ്ഡലത്തിൽ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വാഹനസൗകര്യം ഒരുക്കുകയാണ് ഇവർ. ഇതേ കുറിച്ച് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു.

‘ഈ ആഴ്ച നടക്കുന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷയ്ക്ക് അരുവിക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുവേണ്ടി യൂത്ത് കോൺഗ്രസ് വാഹന സൗകര്യമൊരുക്കുകയാണ്. ഓരോ പഞ്ചായത്തിലും ഇതിനുവേണ്ടി സഹായിക്കുന്ന സഹപ്രവർത്തകരുടെ വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. വാഹന സൗകര്യം ആവശ്യമുള്ള വിദ്യാർത്ഥികൾ തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.’ അദ്ദേഹം കുറിച്ചു.

അതേസമയം എസ്.എസ്. എൽ.സി ,ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന് ആരോഗ്യവകുപ്പ് ഇരുപത്തിരണ്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്വാറൻറീനിലുള്ളവർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർക്കും പ്രത്യക പരീക്ഷാകേന്ദ്രങ്ങളോ മുറികളോ തയ്യാറാക്കണം. ഹോട്ട്സ്പോട്ടിലുള്ളവർക്ക് അവിടെ തന്നെ പരീക്ഷാ സെന്ററുകൾ തയ്യാറാക്കാനും എല്ലാ സ്കൂളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.