തലസ്ഥനത്തെ വെള്ളക്കെട്ട്; മുന്നൊരുക്കങ്ങളുടെ പേരിൽ കലക്ടറും മേയറും തമ്മിൽ പോര്

തിരുവനന്തപുരത്തെ വെള്ളക്കെട്ടിനെ ചൊല്ലി കലക്ടറും മേയറും തമ്മിൽ പോര്. മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതാണ് നഗരപ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമെന്നാണ് മേയറുടെ വാദം. എന്നാൽ ഡാം തുറക്കുന്നതിനുമുമ്പ് എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നുവെന്നാണ് കലക്ടറുടെ നിലപാട്.

ഇതായിരുന്നു തിരുവനന്തപുരം നഗര പ്രദേശങ്ങളിലെ ഇന്നലെ കാഴ്ച്ച. മണിക്കൂറുകൾ നീണ്ട മഴയ്ക്കൊപ്പം പുലർച്ചെ അരുവിക്കര ഡാമിന്റെ ഷട്ടറുകളും തുറന്നതാണ് ഗൗരീശപട്ടം, തേക്കുംമൂട് വട്ടിയൂർക്കാവ്, വലിയവിള തുടങ്ങിയ നഗരപ്രദേശങ്ങളില്‍ വെള്ളം പൊങ്ങാൻ കാരണമെന്നാണ് മേയറുടെ വാദം. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന തമ്പാനൂരും കിഴക്കേക്കോട്ടയിലും സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. എന്നാൽ അരുവിക്കര ഡാമിലെ വെള്ളം കരമനയാറിലും കിള്ളിയാറിലും എത്തിയതോടെ നഗര പ്രദേശങ്ങളിൽ പോലും സ്ഥിതി സങ്കീര്‍ണമാക്കി.

എന്നാൽ കനത്ത മഴയാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് ഡാം തുറന്നുവിട്ടതെന്നും കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍.

ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.