പതിഞ്ഞ ശബ്ദത്തിൽ ലാലിയുടെ ഫോൺ വിളിയെത്തി; പിങ്കിയെ തനിച്ചാക്കി അമ്മ യാത്രയായി

പതിഞ്ഞ ശബ്ദത്തിൽ  ലാലിയുടെ ഫോൺ വിളിയെത്തി. ''മോളേ.. അമ്മയ്ക്ക് ചെറിയൊരു ക്ഷീണം ഉണ്ട്. ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകാനൊരുങ്ങുന്നു. പിന്നീട് വിളിക്കാം''. റിയാദിൽ നിന്ന് അമ്മയുടെ ശബ്ദം പിങ്കി ഒരിക്കൽ കൂടി  കേട്ടു.  ഇത് തന്നോടുള്ള മമ്മിയുടെ അവസാന വാക്കാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. ആംബുലൻസ് കൃത്യസമയത്ത് എത്തിയില്ല. അതിനാൽ ആശുപത്രിലേക്കു ലാലിക്കു പോകാനായില്ല. ഭർത്താവ് തോമസ് പണിക്കരെയും ഏക മകൾ പിങ്കിയെയും തനിച്ചാക്കി ലാലി യാത്രയായി.

സ്വർഗത്തിലേക്ക് പറക്കാനായിരുന്നു ഭൂമിയിലെ മാലാഖയുമായി വിധി. കോവിഡ് കവർന്ന ജീവനുകളിൽ ഒന്നുകൂടി. എഴുകോൺ കാരുവേലിൽ  മണിമംഗലത്ത് ഹൗസി(പിങ്കി വില്ല)ൽ തോമസ് പണിക്കറിന്റെയും ലാലിയുടെയും ഏക മകളായ പിങ്കി എന്ന മറിയാമ്മ തോമസ് അമ്മ പോയ വിവരം അറിഞ്ഞില്ല. ഇതിനിടെ അമ്മയെ ഫോണിൽ പലവട്ടം വിളിച്ചു. റിയാദിൽ അമ്മയ്ക്കൊപ്പമുള്ള പപ്പയുടെ ഫോണും കിട്ടുന്നില്ല. 

കുണ്ടറയ്ക്കു സമീപം മുത്തശിക്കൊപ്പം കഴിയുന്ന പിങ്കി ഉത്തരം കിട്ടാത്ത ചോദ്യവുമായി ഉറങ്ങി. ഇന്നലെ രാവിലെ പ്രാർഥനയ്ക്കായി എഴുകോണിലെ സ്വന്തം വീട്ടിലേക്ക് പിങ്കിയെ കൂട്ടിക്കൊണ്ടു വന്നു. വെള്ളപ്പുതപ്പ് വിരിച്ച കട്ടിലിൽ അമ്മയുടെ വലിയൊരു ചിത്രം. കത്തിച്ച മെഴുകുതിരിക്കു മുന്നിൽ വാവിട്ട് കരഞ്ഞ് ഉറ്റവർ. പിങ്കി പൊട്ടിത്തകർന്നു. അമ്മ ഇനിയില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.   

തിരുവനന്തപുരത്ത് അക്കൗണ്ടിങ് ബിരുദകോഴ്സിന് പഠിക്കുകയാണ് പിങ്കി. ഒരു വർഷം മുൻപ് വരെ മാതാപിതാക്കളോടൊപ്പം സൗദി അറേബ്യയിലായിരുന്നു. 20 വർഷത്തിലേറെയായി കുടുംബം സൗദിയിലാണ്. ജോലിത്തിരക്കിനിടയിലും ദിവസം 5 തവണയെങ്കിലും മകളോട് സംസാരിക്കാൻ ലാലി സമയം കണ്ടെത്തിയിരുന്നു. അവധിക്കാലത്ത് പിങ്കിയെ ഗൾഫിലേക്ക് കൊണ്ടുപോകാൻ താൽക്കാലിക വീസ തരപ്പെടുത്തിയിരുന്നു. ഭർത്താവ് തോമസ് പണിക്കറും കോവിഡ് നിരീക്ഷണത്തിലാണ്.