എയർലിഫ്റ്റ് ശ്രമങ്ങള്‍ പരാജയപ്പെട്ടു; നിറവയറുമായി ട്രെയിനിൽ; ഒടുവില്‍ നാട്ടിലേക്ക്

ലോക്ക്ഡൗണിനിടെ പഞ്ചാബിൽ‌ കുടുങ്ങിയ കൊച്ചി സ്വദേശിയായ യുവതി ഒടുവിൽ നാട്ടിലേക്ക്. പഞ്ചാബിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് എട്ട് മാസം ഗർഭിണി കൂടിയായ ചിലു. ചിലുവിന്റെ ദുരിതം മനോരമ ന്യൂസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. 

എംകെ മു‌നീർ‌ ഇടപെട്ട് എയർലിഫ്റ്റിറ്റിങ്ങ് അടക്കമുള്ള സാധ്യതകൾക്ക് നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ജലന്ധറിൽ നിന്നും കൊച്ചിയിലേക്ക് സ്പെഷ്യല്‍ ട്രെയിൻ അനുവദിക്കുന്നത്. സ്വന്തം റിസ്കില്‍ ട്രെനിയിൽ വരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ചിലു മനോരമ ന്യൂസ്. കോമിനോട് പറഞ്ഞു. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ട്. മരുന്നുകളൊക്കെ കരുതിയിട്ടുണ്ട്. സുരക്ഷിതയായി നാട്ടിലെത്തുമെന്നാണ് വിശ്വാസം. 19 നാണ് ജലന്ധറിൽ‌ നിന്നും ട്രെയിൻ പുറപ്പെട്ടത്. നാളെ പുലര്‍‍ച്ചയോടെ കൊച്ചിയിലെത്തും.  കയ്യിൽ കരുതിയിരുന്ന സ്നാക്സും ട്രെയിനിൽ നിന്ന് ഇടയ്ക്ക് കിട്ടുന്ന ചെറുപലഹാരങ്ങളുമൊക്കെയാണ് ഭക്ഷണം. 

തന്നെ നാട്ടിലെത്തിക്കാൻ ഇടപെടലുകൾ നടത്തിയ എല്ലാവരെയും നന്ദി അറിയിക്കുന്നതായും ചിലു പറഞ്ഞു. 

പഞ്ചാബിലെ ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ചിലു. ഭർത്താവ് കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. അടുത്ത് മറ്റ് ബന്ധുക്കളോ പരിചയക്കാരോ ഉണ്ടായിരുന്നില്ല. മലയാളികൾ പോലും വളരെ കുറവുള്ള സ്ഥലത്തായിരുന്നു ചിലുവിന്റെ താമസം. അവിടെ പ്രസവിച്ചാൽ തന്നെയും കുഞ്ഞിനെയും പരിചരിക്കാൻ ഒരാൾ പോലും ഉണ്ടാകില്ലെന്നും അതുകൊണ്ട് മാത്രമാണ് റിസ്ക് എടുത്ത് നാട്ടിലേക്ക് വരുന്നതെന്നും ചിലു കൂട്ടിച്ചേര്‍ത്തു.