അഭിമാനമാണ് താങ്കൾ! ശൈലജയോളം ഇഷ്ടം തോന്നുന്നു; തരൂരിനെ പ്രശംസിച്ച് താരങ്ങള്‍

പ്രതിസന്ധി ഘട്ടങ്ങളെ പതറാതെ നേരിടുന്നവരാണ് യഥാര്‍ഥ ഹീറോസ്. കേരളത്തിന്റെ ആരോഗ്യ മന്ത്രി  കെ.കെ. ശൈലജ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മന്ത്രിയെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ച് രാജ്യാന്തര മാധ്യമമായ ഗാർഡിയനിൽ വന്ന ലേഖനം ശശി തരൂർ എംപി ട്വീറ്റ് ചെയ്തതോടെ അദ്ദേഹത്തിനും ലഭിച്ചു പ്രശംസ. അർഹതയുടെ അംഗീകാരം എന്നായിരുന്നു ട്വീറ്റിന് അടിക്കുറിപ്പായി തരൂർ എഴുതിയത്. രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ തരൂറിനെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു.  

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:

തിരുവനന്തപുരം എംപിയായ ശശി തരൂർ..! അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നു. കൊറോണയെ തോല്പിച്ചില്ലെങ്കിൽ, അത് മനുഷ്യന്റെ നാശമാണെന്ന കരുതൽ, താങ്കളുടെ ഓരോ പ്രവർത്തിയിലുമുണ്ട്. പിണറായി സർക്കാരിന്റെ പരാജയമെന്ന് വിളിച്ച് പറയാൻ, കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ.. എന്ന പോലെ പെരുമാറുന്ന, മനുഷ്യരെ പോലെയല്ല. രാഷ്ടീയ പകപോക്കലല്ല വേണ്ടത്, എന്ന തിരിച്ചറിവോടെ, നല്ലതിനെ നല്ലതെന്ന് പറഞ്ഞ്.. തെറ്റിനെ തെറ്റ് എന്നു ചൂണ്ടി കാട്ടി താങ്കൾ ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണ്. കോൺഗ്രസ് നേതൃത്വത്തിൽ താങ്കളെ പോലുള്ളവർ ഉണ്ടാകണം എന്നാഗ്രഹിച്ചു പോകുന്നു. ഇന്ത്യയ്ക്കത് അത്യാവശ്യമാണ്.

ഹിന്ദു രാഷ്ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. കാര്യങ്ങൾ കറക്ട് ആയി നടത്തി കൊണ്ടു പോവുകയുമായിരുന്നു. അപ്പോഴാണ് കോവിഡ് വന്നത്. ഭരിക്കണം, പട്ടിണി മാറ്റണം, രാജ്യം വീഴാതെ നോക്കണം എന്ന പല കാര്യങ്ങളുണ്ടെന്ന്, കേന്ദ്ര സർക്കാർ ഞെട്ടലോടെ, ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

പക്ഷേ എന്ത് ചെയ്യണമെന്നറിയില്ല. രണ്ട് മാസം രാജ്യത്തെ അടച്ചിട്ടാൽ, കൊറോണ കാലം കഴിയുമെന്നാണെന്ന് തോന്നുന്നു അവർ കരുതിയത്. എല്ലാം ശരിയാകുമെന്നും, വീണ്ടും എല്ലാം പഴയ പോലെ എല്ലാം ഓടിക്കോളുമെന്നാണ് വിചാരിച്ചരുത്. പക്ഷേ...! പെട്ട് പോയ മട്ടാണ്. ആർക്കും ഒരു പിടിയില്ല. മോട്ടിവേഷണൽ ജ്യൂസ് ഹിന്ദിയിൽ ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ മനുഷ്യർക്ക് വിശപ്പ് മാറുന്നില്ല. രാജ്യം മുഴുവൻ ആശങ്കയിലാകുന്നു.പാക്കിസ്ഥാനാണ് എന്നൊക്കെ പറയാമെന്ന് മാത്രം. വിശപ്പ് കടുക്കുമ്പോൾ അവരത് മറന്ന് വീണ്ടും..ഭുക്ക് ഭുക്ക് എന്ന് പറയുമെന്ന തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്.

സംസ്കൃത പേരുകൾ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്. എന്താണത് എന്ന് പല ബുദ്ധിയുള്ളവരോടും ചോദിച്ചു. വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. നമ്മുടെ കൈയ്യിലെ സ്വർണ്ണം അങ്ങോട്ട് കൊടുക്കണമെന്ന് ഒരാൾ പറഞ്ഞു!

നല്ല നേതാക്കൾ വേണം, ഭരണം വേണം, നേതൃത്വം വേണം. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.

മിഥുൻ മാനുവൽ തോമസ്: വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്സ്മാനും തമ്മിലുള്ള വ്യത്യാസം.. !! ഈ കൊറോണക്കാലത്ത് ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ.. !! ശ്രീ ശശി തരൂർ..